മലപ്പുറം : ( www.truevisionnews.com )എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

നിലവിൽ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക നിഗമനം.
ആളുകളിൽനിന്ന് സ്വർണമായും പണമായും നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പാണ് എടപ്പാൾ ദീമ ജ്വല്ലറിയിൽ ഉണ്ടായിരിക്കുന്നത്.
പണം നിക്ഷേപിച്ചാൽ ലാഭവും സ്വർണ്ണം നിക്ഷേപിച്ചാൽ പിൻവലിക്കുന്ന സമയത്ത് ഇന്നത്തെ മൂല്യത്തിൽ നൽകാമെന്നുമായിരുന്നു മോഹന വാഗ്ദാനം. 16 വർഷമായി ജ്വല്ലറി പ്രവർത്തിക്കുന്നുണ്ട്.
ആളുകൾ പിൻവലിക്കാൻ എത്തിയതോടെ ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങി. ആദ്യ രണ്ടു പരാതികളിൽ പാർട്ണർമാരായ ആറ് ഉടമകൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ അറസ്റ്റിലായി. കുഞ്ഞി മുഹമ്മദ് കസ്റ്റഡിയിലാണ്. രണ്ടുപേർ വിദേശത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു.
നാല് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് ഉടമകൾ ബിനാമി പേരിൽ ഭൂമി വാങ്ങിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി പേരാണ് പരാതിയുമായി ചങ്ങരംകുളം പോലീസിൽ എത്തുന്നത്.
#Jewellery #investment #fraud #worth #crores #Malappuram #Case #against #six #people #two #arrested
