(www.truevisionnews.com ) തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പോലീസിൽ പരാതി നല്‍കി ബെംഗളൂരുവിലെ യുവാവ്. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.

ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന ശ്രീകാന്ത് എന്ന് പേരുള്ള യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്.
കുട്ടികളെ ദത്തെടുക്കാമെന്നായിരുന്നു ഭാര്യയുടെ നിര്‍ദേശം. ഇത് ശ്രീകാന്ത് നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി. 2022-ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് ആരോപിക്കുന്നു.
ഭാര്യ നിരന്തരം വഴക്കുണ്ടാക്കി. കുടുംബത്തിന്റെ പിന്തുണയോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു.
ശല്യം സഹിക്കവയ്യാതായപ്പോള്‍ ശ്രീകാന്ത് ഡിവോഴ്‌സ് എന്ന ആവശ്യം മുന്നോട്ടുവെച്ചു. ബന്ധംവേര്‍പെടുത്താന്‍ 45 ലക്ഷംരൂപ യുവതി ആവശ്യപ്പെട്ടു. ഭാര്യ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയതായും ഇയാള്‍ ആരോപിച്ചു.
ഇരുവരും തമ്മില്‍ വഴക്കിടുന്ന ഒരു ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ യുവതി ശ്രീകാന്തിനൊപ്പം ജീവിക്കാന്‍ 5,000 രൂപ ആവശ്യപ്പെടുന്നതായും കേള്‍ക്കാം.
എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ യുവതി ആരോപണം നിഷേധിച്ചു. ശ്രീകാന്ത് തന്നെ വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പ്രതികരണം.
#bengaluru #man #accuses #wife #extortion #divorce
