(www.truevisionnews.com) ഈ വരുന്ന മധ്യവേനലവധിക്കാലത്ത് എവിടെ യാത്രപോകണമെന്ന ചിന്തയിലാണോ? എങ്കില്‍ ബേപ്പൂര്‍ ഒഴിവാക്കേണ്ട... കണ്ടാല്‍ ഇഷ്ടംകൂടുമെന്ന് ഉറപ്പ്. ഹൃദ്യമായ കാഴ്ചയൊരുക്കി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്.

മറീനാ ബീച്ച്
പ്രഭാതങ്ങളും സായാഹ്നവും ആനന്ദകരമാക്കാന്‍ പറ്റിയൊരിടമാണ് ബേപ്പൂര്‍ മറീനാ ബീച്ച്. മനോഹരമായ കടല്‍ത്തീരവും കടലിലേക്ക് കല്ലിട്ടുനിര്‍മിച്ച പുലിമുട്ടിലൂടെയുള്ള കാല്‍നടയാത്രയുമടക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കാഴ്ചകളുണ്ട് ഇവിടെ. 10 കോടി ചെലവിട്ടു നവീകരിക്കുന്ന ബീച്ചിലെ സൗന്ദര്യവത്കരണ പദ്ധതി 'ബിയോണ്ട് ബേപ്പൂര്‍' അവസാനഘട്ടത്തിലാണ്. ഇതുകൂടാതെ ഇവിടേക്ക് 15 കോടി രൂപയുടെ മറ്റൊരു പദ്ധതികൂടി വരുന്നുണ്ട്.
ഓഷ്യാനസ് ചാലിയം രാജ്യാന്തരമാതൃകയില്‍ സൗന്ദര്യവത്കരിച്ച പുതിയ ചാലിയം ബീച്ചിലേക്കുവരാതെ യാത്ര പൂര്‍ണമാവില്ല. നിലത്ത് കൊരുപ്പുകട്ട വിരിച്ച് കടല്‍ത്തീരത്ത് ചെറിയ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീരത്തോടുചേര്‍ന്ന് ഭിത്തി നിര്‍മിച്ചു കൈവരിയൊരുക്കിയതോടെ സുരക്ഷയുറപ്പാണ്. അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളുംആകര്‍ഷകമാണ്. ടൂറിസം വകുപ്പ് അനുവദിച്ച 9.25 കോടിരൂപ ഉപയോഗിച്ചാണ് ബീച്ച് മോടികൂട്ടുന്നത്.
ജങ്കാര്‍ സര്‍വീസ്
ബേപ്പൂര്‍-ചാലിയം തീരങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന ജങ്കാര്‍ സര്‍വീസ് സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. വാഹനവുമായി വരുന്നവര്‍ക്ക് അതിലിരുന്നുതന്നെ മറുകരയെത്താനാവുമെന്ന സൗകര്യത്തിനൊപ്പം കടല്‍ക്കാഴ്ചകളും നവ്യാനുഭവമാവും.
ചാലിയം ലൈറ്റ് ഹൗസ്
വൈകീട്ട് നാലുമണിയായാല്‍ ചാലിയം ലൈറ്റ് ഹൗസ് സഞ്ചാരികള്‍ക്കായി തുറന്നുനല്‍കും. മുകളില്‍ക്കയറി കാണാനാവുന്ന ആകാശക്കാഴ്ച അവിസ്മരണീയമാവും തീര്‍ച്ച. വെറും 20 രൂപയാണ് ടിക്കറ്റ് നിരക്ക്.
ദീപാലംകൃത പാലവും പാര്‍ക്കും
പലവര്‍ണത്തില്‍ ദീപാലംകൃതയായി സുന്ദരിയായി മാറിയ പൈതൃകത്തിന്റെ കഥപറയുന്ന ഫറോക്ക് ഇരുമ്പുപാലത്തിലൂടെ സഞ്ചരിക്കാന്‍ മറക്കരുതേ.ബ്രിട്ടീഷുകാര്‍ നിര്‍മിച്ച് 1888-ല്‍ പൊതുഗതാഗതത്തിന് തുറന്നുനല്‍കിയ ഈ പാലം ഒരു ചരിത്രശേഷിപ്പുകൂടിയാണ്. പാലത്തോടുചേര്‍ന്നുള്ള 'നമ്മള്‍' പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാനാവുന്ന ഒട്ടേറെ കാര്യങ്ങളുമുണ്ട്. 'ഹോര്‍ത്തൂസ് മലബാറിക്കസി'ല്‍ പറയുന്ന സസ്യയിനങ്ങളെ നട്ടുപിടിപ്പിച്ച ഇട്ടി അച്യുതന്‍ സ്മാരകഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്‍വസ്വം, തസറ നെയ്ത്തുഗ്രാമം, ഉരുനിര്‍മാണകേന്ദ്രം തുടങ്ങി ഇവിടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒട്ടേറെയാണ്.
#celebrate#summer #holidays#Beypore#paradise#sights
