വാഷിങ്ടൺ: (truevisionnews.com) സ്പേസ് എക്സിന്റെ ക്രൂ10 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ സഞ്ചാരികളുമായാണ് റോക്കറ്റ് കുതിച്ചുയർന്നത്. മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ബുച്ച് വിൽമോറിനേയും സുനിത വില്യംസിനേയും ക്രൂ10 മടക്കയാത്രയിൽ തിരികെയെത്തിക്കും.

സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശപേടകവുമായി നാസയുടെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്ക്യെയിൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് തിരിച്ചത്.
ശനിയാഴ്ച രാത്രി 11.30ഓടെ പേടകം ഐ.എസ്.എ.സുമായി ഡോക്കിങ് നടത്തും. നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാര്‍ച്ച് 26-ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും സ്‌പേസ്എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്റേയും നിര്‍ദേശത്തെത്തുടര്‍ന്ന് ദൗത്യം നേരത്തേയാക്കി. മാര്‍ച്ച് 13-ന് രണ്ടുതവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും അവസാനനിമിഷത്തെ സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവെക്കുകകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വില്‍മറും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഇരുവരും ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു.
#SpaceX's #Crew #10 #mission #successfully #launched.
