ഹൈദരാബാദ്: ( www.truevisionnews.com ) ടെക്കി യുവതിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദേവിക(35)യെയാണ് ഹൈദരാബാദിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അതേസമയം, ഭര്‍ത്താവായ സതീഷ് സ്ത്രീധനത്തിന്റെ പേരില്‍ ദേവികയെ ഉപദ്രവിച്ചിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ദേവികയുടെ കുടുംബം ആരോപിച്ചു.
ദേവികയും ഭര്‍ത്താവ് സതീഷും ഐ.ടി. ജീവനക്കാരാണ്. ആറുമാസം മുന്‍പ് ഗോവയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.
ഒരേ കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ വിവാഹിതരാവുകയായിരുന്നു.
ഞായറാഴ്ച രാത്രി ദേവികയും സതീഷും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ദേവിക മുറിയടച്ച് ഒറ്റയ്ക്കിരുന്നു. സതീഷ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും ദേവിക വാതില്‍ തുറന്നില്ല.
ദേവിക ഉറങ്ങിയിരിക്കുമെന്ന് കരുതി സതീഷ് പിന്നീട് വിളിച്ചില്ല. എന്നാല്‍, തിങ്കളാഴ്ച രാവിലെയായിട്ടും ദേവിക മുറിയുടെ വാതില്‍ തുറക്കാതായതോടെയാണ് സതീഷിന് സംശയം തോന്നിയത്.
തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് മുറിക്കുള്ളില്‍ ദേവികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നാണ് സതീഷിന്റെ മൊഴി. പിന്നാലെ ഇയാള്‍ തന്നെയാണ് പോലീസിനെയും ദേവികയുടെ വീട്ടുകാരെയും വിവരമറിയിച്ചത്.
അതേസമയം, ദേവികയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരേ യുവതിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ സതീഷ് ദേവികയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി.
സതീഷിനെതിരേ ദേവികയുടെ അമ്മ രാമലക്ഷ്മി റായ്ദുര്‍ഗം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസും അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Techie #woman's #body #found #room #after #night-time #arrest #complaint #alleges #dowry #harassment
