(truevisionnews.com) ‘ഞമ്മളെ ഫ്രണ്ട്സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടിൽ ഇരുന്നോ മക്കളെ.....എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ എന്ന് മണാലിയിലെ മഞ്ഞ് മലയിൽ ഇരുന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ നഫീസുമ്മ വിളിച്ച് പറഞ്ഞത് കേട്ട് മനസ്സറിഞ്ഞ് ചിരിച്ചവരാണ് നമ്മളിൽ പലരും.... ഒരു നാട്ടിൻ പുറത്തുകാരിയുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ആഹ്ളാദം കണ്ടവരെല്ലാം ആസ്വദിച്ചു.

ഉംറക്ക് പോയി 12ാമത്തെ ദിവസമാണ് നഫീസുമ്മ മണാലിയിലേക്ക് പോകുന്നത് . വീടും നാടും വിട്ട് നഫീസുമ്മ ഒരുപക്ഷെ ആദ്യമായി മൂന്ന് പെണ്മക്കളോടൊപ്പം അത്രദൂരം സഞ്ചരിച്ചത് മണാലിയിലേക്കുള്ള ആ യാത്രയിലാവാം.
നമ്മളിൽ എത്രപേർ മണാലിയിൽ പോയിട്ടുണ്ട്? പോട്ടെ ചില സിനിമകളിലും ചിത്രങ്ങളിലും പാഠപുസ്തക താളുകളിലും അതിമനോഹരമായി വർണ്ണിച്ചിട്ടുള്ള “മഞ്ഞ് ” എത്രപേർ കണ്ടിട്ടുണ്ടാവും. നഫീസുമ്മയെ പോലെ കൈകൾ കൊണ്ട് വാരി എറിഞ്ഞു കളിച്ചിട്ടുണ്ടാവും.
ആഗ്രഹങ്ങൾ പലതും ഉണ്ടെങ്കിലും അതൊന്നും പെട്ടന്ന് സാധിക്കുന്നതല്ല . എന്നെങ്കിലും അവിടെ ഒക്കെ പോയിരുന്നെങ്കിൽ എന്ന് നഫീസുമ്മയും ചിന്തിച്ചുകാണും. എന്നാൽ ഈ അൻപത്തഞ്ചാം വയസ്സിലാണ് നഫീസുമ്മ അങ്ങനെ ഒരു യാത്രയിലേക്കെത്തിയത് എന്നുമാത്രം .
ജീവിതത്തിന്റെ നല്ല നാളുകൾ ഒക്കെയും കുറെ വിഷമങ്ങൾ അനുഭവിച്ച ഉമ്മയെ ഒന്ന് ചിൽ ആക്കാൻ വേണ്ടിയാണ് മൂന്ന് പെൺമക്കളായ ജിഫ്ന, ജസിയ, ജമ്ഷീനയും കൂടി ട്രിപ്പിന് കൊണ്ടുപോയത് . ട്രിപ്പിന്‍റെ ആശയം മുന്നോട്ടുവെച്ചത് ഇളയ മകൾ ജിഫ്നയാണ്.
ഡിസംബർ 11നായിരുന്നു യാത്ര ആരംഭിച്ചത് . 11 ദിവസത്തെ ട്രിപ്പിൽ രണ്ടുദിവസം ഡൽഹിയിലേക്ക് ട്രെയിൻ യാത്ര, പിന്നീട് ബസ് വഴി മണാലിയിലേക്ക്. മണാലിയിലേക്ക് പോയ ഓരോ വഴികളും പ്രകൃതിയുടെ അത്ഭുതങ്ങളും കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങുന്നതിന്റ മുൻപാണ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ വാക്കുകൾ അവരെ ആഴത്തിൽ മുറിവേൽപ്പിച്ചത്.
'25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു വല്ല്യമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചെല്ലുന്നതിന് പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കുളിക്കാൻ പോയി, മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
യഥാർത്ഥത്തിൽ മൂപ്പർക്ക് മഞ്ഞ് കാണാൻ പറ്റാത്തതിലുള്ള സങ്കടമാണോ? അല്ലെങ്കിൽ ഭർത്താവ് മരിച്ച സ്ത്രീ ആയത് കൊണ്ടുള്ള പ്രശ്നമാണോ സത്യത്തിൽ ഉണ്ടായത്? 25 കൊല്ലം മുൻപ് ഭർത്താവ് മരിച്ച ഒരു സ്ത്രീ പിന്നീട് അങ്ങോട്ട് ജീവിച്ച് തീർക്കേണ്ടത് മനസ്സിന് ഇരുട്ട് ബാധിച്ച് , തടവറ പോലെയുള്ള ജീവിതമാണോ? ഒരിക്കലുമല്ല . അതിന് പുതുതലമുറ വിട്ട് കൊടുക്കുകയും ഇല്ല.
നിങ്ങളുടെ കൺമുൻപിൽ അങ്ങനെ ചില സ്ത്രീകളെ കാണുന്നുണ്ടെങ്കിൽ ഒന്ന് ഓർത്തുകൊള്ളൂ, ഒരു പക്ഷെ അതൊരിക്കലും അവരായി ആഗ്രഹിച്ച് ജീവിക്കുന്നത് ആവണം എന്നില്ല . കണ്ടുവരുന്ന രീതിയും തലയിൽ കുത്തിനിറച്ചു കൊടുക്കുന്ന ആചാരങ്ങളുടെ ഭാഗം കൊണ്ട് മാത്രമാണ് . വീട്ടിലെ നാല് ചുവരുകൾക്കിടയിലും പർദ്ദക്കിടയിലും തളക്കപ്പെടേണ്ടവരല്ല മുസ്ലിം സ്ത്രീകൾ.
കൂടുതൽ വിദ്യാഭ്യാസം നൽകിയാൽ സ്ത്രീകൾ പുരുഷന്മാരുടെ കീഴിൽ വാഴില്ല എന്ന ചിന്ത പോലും എടുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചു. സ്വാതന്ത്ര്യം ഒരാൾക്കും വെച്ചു നീട്ടേണ്ട ഒന്നല്ല, എങ്കിൽ പോലും ചോദിച്ചു പോവുകയാണ്, എവിടെയാണ് അവർക്ക് ഈ പറഞ്ഞ സ്വാതന്ത്ര്യം നിങ്ങൾ നൽകുന്നത്? ഭർത്താവിന്റെ, പിതാവിന്റെ, സഹോദരന്റെ ശബ്ദത്തിന് മേൽ അവരുടെ ശബ്ദം ഉയർന്നാൽ അന്ന് നിങ്ങൾ പറയില്ലേ “ഹറാം പിറന്നവൾ എന്ന് ”.....
എന്തിന് ഏറെ പറയുന്നു. ലിംഗഭേദമന്യേ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പോലും സ്ത്രീകളെ മറ്റുള്ളവരിൽ നിന്ന് മറക്കാനല്ലേ നിങ്ങൾ ശ്രമിക്കുന്നത്. ഇന്നും മുസ്ലിം കല്യാണ വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് സ്ത്രീകൾക്ക് കല്യണ പന്തലിലേക്ക്, ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലേക്ക് ചെന്നുകയറാനുള്ള വിലക്ക്.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നത് വേറൊരു പന്തലിൽ (സൗകര്യം എന്ന് പൂർണ്ണമായി പറയാൻ കഴിയില്ല, അവിടെയും അവരിലേക്ക് മറ്റൊരു മറ കെട്ടിപൊന്തിക്കുകയാണ് ). മദ്രസകളിലെ പരിപാടികളിൽ എന്ത് കൊണ്ടാണ് പെൺകുട്ടികളെ സ്റ്റേജിതര മത്സരങ്ങളിൽ മാത്രം പങ്കെടുപ്പിച്ച് ആൺ കുട്ടികളെ പാടാനും ദഫ് മുട്ടാനും റാലികളിലും പങ്കെടുപ്പിക്കുന്നത്.
ഇതൊന്നും ചെയ്യാൻ പെൺകുട്ടികൾക്ക് അറിയാഞ്ഞിട്ടല്ലല്ലോ പുരുഷന്മാർക്കിടയിൽ നിന്ന് കൊണ്ട് ഇതൊന്നും ചെയ്യാൻ പാടില്ല എന്ന് മാത്രം. ജീവിതത്തിന്റെ വെളിച്ചം മായ്ച്ചിട്ട് ശരീരത്തിൽ പർദ്ദ ഇടുന്നതുപോലെ മനസ്സിലേക്കും ഇരുട്ടിന്റെ പ്രകാശം അവരിലേക്ക് എത്തിക്കുകയല്ലേ ഇതുകൊണ്ട് ചെയ്യുന്നത്.
സ്വന്തം സന്തോഷവും ജീവിതവും ആസ്വദിക്കുന്നവർ ഇന്ന് സമൂഹത്തിന് മുൻപിൽ കുറ്റക്കാരായി മാറുകയാണ്, ഇവിടെ നഫീസുമ്മയെയും അത്തരത്തിൽ കുറ്റപ്പെടുത്താനാണ് ഒരു കൂട്ടം ശ്രമിക്കുന്നത്. നഫീസുമ്മ യാത്ര പോയത് ഭർത്താവിന്റെ കൂടെയല്ല, മകന്റെ കൂടെയല്ല, വിശ്വസിച്ച് തൊടാൻ പറ്റുന്ന പുരുഷന്മാരുടെ കൂടെയല്ല എന്നതാണ് പ്രധാനമായും ഉയർത്തികാട്ടുന്നത് .
എന്നാൽ എന്ത് കൊണ്ട് നിങ്ങൾ പറയുന്നില്ല, ചിന്തിക്കുന്നില്ല മൂന്ന് കരുത്തരായ സ്വന്തം പെണ്മക്കളുടെ കൂടെയാണ് അവർ യാത്ര പോയതെന്ന് . കൂടെ ഒരു ആൺതുണ ഉണ്ടെങ്കിൽ മാത്രമല്ല സ്ത്രീകൾ സുരക്ഷിതരാകുന്നത് . ഇന്നത്തെ സ്ത്രീകൾക്ക് എന്തും നേരിടാനുള്ള ധൈര്യവും കരുത്തും സ്വയം ആർജ്ജിച്ചെടുക്കാൻ അറിയാം .
അതുകൊണ്ട് തന്നെയാണ് നാല് പെണ്ണുങ്ങൾ മണാലിയിലേക്ക് വെച്ചുപിടിച്ചത്. നിങ്ങൾ ചിന്തിക്കുന്ന പോലെ സംരക്ഷണം ഒരുക്കേണ്ടത് വീട്ടിലെ മുറിയിൽ മാത്രമല്ല, സമൂഹത്തിൽ കൂടിയാണ് . സ്ത്രീകളെ സംരക്ഷിക്കേണ്ടവർ തന്നെ സമൂഹത്തിന് മുൻപിൽ അവരെ തരംതാഴ്ത്തി വലിച്ച് കീറുകയാണ്.
അല്ലെങ്കിലും സഖാഫി പുഴക്കാട്ടിരിയ്ക്ക് എന്ത് അവകാശമാണ് ഉള്ളത് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കൈകടത്താൻ. സ്വന്തം മക്കളുടെ കൂടെ പോയ ഉമ്മാന കൊണ്ടാണ് താങ്കൾ ഇത്രയും അധിക്ഷേപിച്ചത്. ഒരു കുടുംബത്തിന്റ മുഴുവൻ സമാധാനമാണ് അങ്ങയുടെ വാക്കുകൾ കൊണ്ട് ഇല്ലാതാക്കിയത്.
വീട്ടിലെ ഒരു മുറിയിലെ മൂലയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സ്ത്രീകൾക്ക് മാത്രമാണോ പടച്ചോന്റെ മനസ്സിൽ സ്ഥാനമുള്ളു? സ്ത്രീകൾക്ക് ലോകം കാണാൻ പാടില്ല എന്ന് ഏതെങ്കിലും പുസ്തകത്തിൽ എഴുതിയിട്ടുണ്ടോ?
ആ പ്രമുഖ പണ്ഡിതന്റെ വാക്കുകേട്ട് മകൾ പറയുകയുണ്ടായി “എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരു ” എന്ന് . ഒരർത്ഥത്തിൽ ശരിയല്ലേ? തങ്ങളുടെ കണ്മുന്നിൽ ഇട്ടുകൊണ്ടാണ് അവരുടെ ഉമ്മയെ സോഷ്യൽ മീഡിയകളിൽ വന്ന് കൊണ്ട് തെറി അഭിഷേകം നടത്തുന്നത്.
ഒരു മക്കൾ എത്രവരെ കണ്ടില്ല എന്ന് നടിക്കും. നഫീസുമ്മയോട് നിങ്ങൾ മാപ്പ് പറഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എങ്ങനെ സമാധാനമായി ഉറങ്ങാൻ സാധിക്കും. ചിലപ്പോൾ എങ്കിലും ഒരു പുരുഷന്റെ വാക്കിന്റെ അടിമകൾ ആയി ജീവിച്ച് തീർക്കുന്ന അവരുടെ മതിൽ കെട്ടിനുള്ളിൽ ഒതുങ്ങി പോകുന്ന സ്ത്രീകളെ ഇന്നും കാണാൻ കഴിയും. അവർക്കൊന്നും ഉള്ളിന്റെ ഉള്ളിൽ പണ്ടെങ്ങോ കണ്ട സ്വപ്‌നങ്ങളൊന്നും ഇല്ലെന്ന് കരുതണ്ട നിങ്ങളാരും.
വയസ്സിനു മൂത്തവർ പറയുന്നത് കേൾക്കാം പെൺകുട്ടികൾ /സ്ത്രീകൾ രാത്രികളിൽ ഒറ്റക്ക് പുറത്ത് പോകരുത് , വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നത്. പുരുഷന്മാർക്ക് മാത്രമാണോ രാത്രി സഞ്ചാര സ്വാതന്ത്യ്രമുള്ളൂ? .
നമ്മൾ ഇന്ന് ജീവിക്കുന്നത് 2025 ആണ് എന്നത് മറന്ന് കൊണ്ടാവരുത് ആരും ഉറക്കപായയിൽ നിന്ന് എഴുന്നേൽക്കേണ്ടത്. മാറുന്ന കാലങ്ങൾ പോലെ അതിനൊപ്പം മനസ്സിനെയും വളർത്താൻ പാകപ്പെടുത്തണം. ഒരാളും അവരുടെ മതങ്ങളിലോ അല്ലെങ്കിൽ മറ്റ് വിശ്വാസങ്ങളെയോ വിശ്വസിക്കാതെ നിൽക്കുന്നവരല്ല. ഒന്ന് പോയി പുറം ലോകം കണ്ടെന്നു വെച്ച് സൂര്യൻ അസ്‌തമിച്ച് തെളിയുമ്പോൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല.
55ാം വയസ്സില്‍ ഇവിടെ വന്ന് ഈ മണ്ണില്‍ ഇങ്ങനെ കിടക്കുമ്പോഴും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ആസ്വദിക്കുമ്പോഴും ഇതുപോലുള്ള രസം എവിടെ കിട്ടാനാണെന്നും..പത്ത് സെന്റോ , രണ്ട് സെന്റോ വിറ്റിട്ട് ആണേലും യാത്രകൾ ചെയ്യണം എന്ന് പറയുകയാണ് നഫീസുമ്മ .
നഫീസുമ്മയെ പോലെ നിങ്ങളുടെ വീട്ടിലെ ഒരുപക്ഷെ അടുക്കളയിൽ നിന്നുകൊണ്ട് ചില അമ്മമാരോ ഉമ്മമാരോ കൊതിക്കുന്നുണ്ടാവും നിങ്ങളോടൊപ്പമുള്ള ചില യാത്രകൾ. അത് മണാലി തന്നെ ആവണം എന്നില്ല മറിച്ച് ചിലപ്പോൾ തൊട്ടടുത്ത ഒരു ചായ കടയിലേക്കുള്ളതാവാം....

Article by SUSMITHA P P
Associate editor, truevisionnews BA Mass communication & Journalism
#Nafeesumma #who #went #Manali #age #55 #real #culprit?
