Feb 24, 2025 04:13 PM

കോട്ടയം: (www.truevisionnews.com) മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌.

പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും.

പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു.

ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്. പി സി ജോർജിൻ്റെ ജാമ്യഹർജി പരി​ഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്.

അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോ​ഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി സി ജോർജ് കോടതിയിൽ സമർ‌പ്പിച്ചിരുന്നു.

എന്നാൽ പിസി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു.

ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ പൊലീസ് ഈ കത്തിന് മറുപടി നൽകിയിരുന്നില്ല.

ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.


#PCGeorge #prison #court #remanded #BJPleader #Order #religious #hatespeechcase

Next TV

Top Stories










//Truevisionall