(truevisionnews.com) ഒരു മനുഷ്യനോട് അയാളുടെ ജീവിതത്തിന്റെ ആരംഭകാലവും വയസ്സും ചോദിച്ചാൽ ഒരു നിമിഷം പോലും ചിന്തിക്കാതെ മറുപടി പറയാൻ എല്ലാവർക്കും സാധിക്കും. എന്നാൽ ഇനി എത്രകാലം ജീവിച്ചിരിക്കും ഈ മണ്ണിൽ എന്ന് ചോദിക്കുമ്പോൾ ആർക്കും ഉത്തരമില്ല.

അതൊന്നും നമ്മുടെ കയ്യിൽ ഇല്ലെന്ന് മാത്രമേ എല്ലാവർക്കും പറയാനുള്ളൂ...ഓരോ വ്യക്തികൾക്കും ഏഴ് ജന്മം ഉണ്ടെന്ന് പഴമക്കാർ പറയുന്നുണ്ടെങ്കിൽ കൂടി ഈ ജീവിതത്തിൽ ഇപ്പോൾ കണ്ടുകൊണ്ട് നിൽക്കുന്ന ആരെയും ഒരു സമയംകഴിഞ്ഞാൽ പിന്നീട് കാണില്ല എന്നത് യാഥാർഥ്യം. മുമ്പ് ആറ് തവണ പോയിട്ട് മറ്റൊരു ജീവിതം കണ്ടവരെ കുറിച്ചും നമുക്ക് അറിയില്ല.
അല്പായുസ്സ് , ഇത് മനസ്സിൽ ഉണ്ടായിട്ടും നമ്മളൊക്കെ വളരെ ഭംഗിയോടുള്ള ജീവിതമാണോ ജീവിച്ച് തീർക്കുന്നത് ? എന്നാൽ ഒരു കാര്യം ചോദിക്കട്ടെ? നിങ്ങൾ എന്നെങ്കിലും സ്നേഹം പങ്കുവെക്കൻ മറന്നു പോകുന്നുണ്ടോ.........?
നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചുറ്റുമുള്ള മനുഷ്യരോട്. എന്തിന് മറ്റ്സഹജീവികളോടു പോലും ആത്മാർത്ഥ ബന്ധം പുലർത്തുന്നവരായി എത്ര പേരുണ്ട് നമുക്കിടയിൽ. അത്പോകട്ടെ, ഓരോ ദിവസവും എത്രപേരെ കണ്ടുമുട്ടുന്നവരാണ് നാം.
ഒന്ന് മുഖത്ത് നോക്കി ചിരിക്കാറുണ്ടോ? എവിടെ...! നമുക്കിപ്പോൾ അതിനൊന്നും ഒട്ടും സമയം ഇല്ലാതായി. അതിനുള്ള കാരണം മറ്റൊന്നും കൊണ്ടല്ല, ഓരോ വ്യക്തികളും സ്വയം തന്നിലേക്ക് അല്ലെങ്കിൽ “ഞാനും എന്റെ കുടുംബവും ” എന്ന ചിന്തയിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. ചിലർക്ക് താൻ മാത്രം...
പണ്ടൊക്കെ അടുപ്പമുള്ളവരെ എവിടെവെച്ചേലും കണ്ടാൽ ആദ്യം മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്, കൈകൊടുത്ത് കൊണ്ടുള്ള ഒരു വിവരം തിരക്കലുണ്ട് ‘എങ്ങനെ പോകുന്നു... സുഖമാണോ’.. എന്നുള്ള സ്നേഹത്തിൽ ചാലിച്ച വാക്കുകൾ.
എന്നാൽ ഈ ഒരു ചോദ്യത്തിൽ നിന്ന് മാറി “നീ എന്ത് കോലാ ആയേ? തടിച്ച് (അല്ലെങ്കിൽ മെലിഞ്ഞു ഒട്ടി ), കറുത്ത് കരിവാളിച്ച് പോയല്ലോ ” എന്ന പഴയതും പുതിയതുമായ ചോദ്യങ്ങൾക്ക് മാത്രം ഒരു കുറവുമില്ല.
അപ്പുറം നിൽക്കുന്ന വ്യക്തിയുടെ ഒരുപക്ഷെ എല്ലാവിധ സന്തോഷങ്ങളും കെടുത്തികൊണ്ടും, ഒരുപക്ഷെ സ്വയം തന്നെയും തന്റെ ശരീരത്തെയും വെറുക്കുന്ന ഒരു അവസ്ഥയിലേക്ക് അവരെ എത്തിക്കുമ്പോൾ എന്ത് തരം സന്തോഷമാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നയാൾക്ക് കിട്ടുന്നത്?
ഒന്നും ഇല്ല... അവർ ആ ചോദ്യങ്ങളുടെ മൂർച്ച പോലും അറിയുന്നുണ്ടാകില്ല. ഒന്ന് ഉള്ളറിഞ്ഞ് ചിന്തിച്ചു നോക്കൂ , അറിഞ്ഞോ അറിയാതയോ നിങ്ങൾ ആരുടെ എങ്കിലും ഇത്തരം ചോദ്യങ്ങൾ കൊണ്ട് മുറിവേറ്റവരാണോ?
നിങ്ങൾ ഇത്തരം ചോദ്യങ്ങൾ ജീവിതത്തിൽ ഒരു വേളയെങ്കിലും ചോദിച്ചിട്ടുണ്ടോ? ഒട്ടുമിക്കപേർക്കും മനസിലാവാത്തത് ആണോ അല്ലെങ്കിൽ ഒപ്പമുള്ളവരെ മനസിലാക്കാൻ ശ്രമിക്കാത്തതാണോയെന്ന് അറിയില്ല. പലരും ഓരോ അസുഖങ്ങളിലൂടെ അല്ലെങ്കിൽ അവർക്ക് മാത്രം അറിയുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്.
പ്രായമായാൽ ആണ് അസുഖങ്ങൾ പിടിപെടുന്നത് എന്ന ചിന്ത ഇന്നും മാറാത്ത പലരും ഉണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി കൊണ്ടും ഭക്ഷണ രീതി കൊണ്ടും ചെറുപ്പക്കാർക്ക് വരെ അസുഖങ്ങളുടെ പിടിയിലാണ്.
കൂടുതലായും പെൺകുട്ടികളിൽ കണ്ടുവരുന്ന പിസിഒഡി, പിസിഒ എസ് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് മാനസികമായും ശരീരികമായും ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗവും.
പലർക്കും ഇതിലൊന്നും വലിയ അറിവ് പോലും ഇല്ല എന്നതാണ് പച്ചയായ സത്യം. എങ്ങനെ അറിയാനാണ് ഇതൊക്കെ, ഇത്തരം അസുഖങ്ങൾ ആണെന്ന് പറഞ്ഞാൽ തീറ്റ ഒന്ന് കുറക്ക്, ഫോണിൽ കളി കുറച്ചൂടെ കൂട്ട് എന്നാൽ എല്ലാ സൂക്കേടും മാറും എന്ന് പറയണവരാണ് ഭൂരി ഭാഗവും.
ഒന്നും ഒന്നിന പറ്റിയും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് എല്ലാർക്കും പറ്റുന്ന വീഴ്ച . എത്ര എത്ര ആത്മഹത്യകൾ നടക്കുന്നുണ്ട് ഇന്ന് കേരളത്തിൽ. മരിച്ചിട്ട് അയ്യോ പാവം നല്ല മനുഷ്യൻ ആയിരുന്നു എന്ന് പറയുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ജീവിച്ചിരിക്കുമ്പോൾ ഒന്ന് കൂടെ നിർത്തി പ്രശ്‌നങ്ങൾ കേട്ട് സാരമില്ല പോട്ടെ എന്ന് പറഞ്ഞുകൊടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്?
അതെങ്കിലും ചെയ്യാൻ ശ്രമിക്കാറുണ്ടോ? ദൈനംദിന ജീവിതത്തിനിടയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള ഓട്ടപാച്ചിലിലാണ് ഓരോ മനുഷ്യരും. എന്നാൽ പോലും തന്റെ കുടുംബത്തിലുള്ളവരെ മാത്രം പരിഗണിക്കാതെ തന്റെ ചുറ്റും ഉള്ളവരെ പറ്റിക്കൂടി ചിന്തിക്കണം എന്നെങ്കിലും. ഫോൺ ഉപയോഗവും ജോലിതിരക്കും കൊണ്ടും പലരും ഒപ്പമുള്ളയാളുകളുടെ പ്രശ്നങ്ങൾ കേൾക്കാൻകൂടെ കൂട്ടാക്കാത്ത അവസ്ഥയാണ്.
അതിനിടയിലാവാം പലതും പലരും നമുക്ക് നഷ്ടപ്പെട്ടു പോകുന്നത്. ചില സിനിമയിലെ സംഭാഷണം പോലെ ഒരു ജീവതമേയുള്ളു അത് ആസ്വദിച്ച് മറ്റുള്ളവരെ സ്നേഹിച്ച് കൊണ്ട് ജീവിക്കാൻ ശ്രമിക്കൂ ഒരിക്കലെങ്കിലും .
പഴമക്കാർ പറയുന്നത് ചിലപ്പോൾ എല്ലാം സത്യമാവണമെന്നില്ല . ജന്മ ജന്മാന്തരങ്ങൾ ഉണ്ടെങ്കിൽ കൂടി ഒരുകാര്യം ഉറപ്പാണ് വാക്കുകൊണ്ടും പ്രവർത്തികൊണ്ടും വേദനിപ്പിച്ചിട്ട് പിന്നീട് അടുത്ത ജന്മം സുഹൃത്തുക്കളായി ജീവിക്കാം എന്ന് ചിന്തിച്ചിട്ട് കാര്യം ഇല്ല . ചുറ്റുമുള്ളവരെ ഒന്ന് ചേർത്തുനിർത്തി നോക്കൂ എങ്കിലേ യഥാർത്ഥ ജീവിതത്തിന്റെ പൂർണ്ണത തൊട്ടറിയാൻ കഴിയുകയുള്ളു...

Article by SUSMITHA P P
Associate editor, truevisionnews BA Mass communication & Journalism
#Forgetting #share #love? #Look #people #around #you...
