(truevisionnews.com) വഴിനീളെ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന തേയില കാടുകള്‍. കൊളുന്ത് നുള്ളി കുട്ടയിലിട്ട് വരിവരിയായി നടന്ന് നീങ്ങുന്ന തൊഴിലാളികള്‍. നുള്ളിയെടുത്ത് ചാക്കുകളിലാക്കിയ കൊളുന്തുകളുമായി തേയില ഫാക്‌ടറികള്‍ ലക്ഷ്യമിട്ട് കുതിക്കുന്ന വാഹനങ്ങള്‍... അങ്ങനെ തുടങ്ങുന്നു വാൽപ്പാറയിലെ കാഴ്ചകൾ.

ഇവിടെയെത്താന്‍ തൃശൂരിലെ അതിരിപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ടാസ്വദിച്ച് നേരെ വിട്ടാല്‍ മതി. കാട്ടിലൂടെയുള്ള യാത്രയായത് കൊണ്ട് ഒട്ടും മടുപ്പ് തോന്നുകയില്ലെന്ന് മാത്രമല്ല വഴിനീളെ ഒരോ വ്യത്യസ്‌ത കാഴ്‌ചകളും കാണാം.
അങ്ങോട്ടുള്ള വഴിമധ്യേയാണ് തുമ്പൂര്‍മുഴി ഡാം.അവിടുത്തെ തൂക്കുപാലത്തിലേറിയുള്ള യാത്ര ഒരു പുത്തന്‍ അനുഭവം തന്നെയാണ് സമ്മാനിക്കുക.ഏറെ മനോഹര കാഴ്ചതന്നെയാണ് അത്.
തൂക്കുപാലം കടന്ന് അപ്പുറത്തുള്ള ഏഴാറ്റുമുഖത്തേക്കും പോകാം. തുടര്‍ന്നുള്ള യാത്രയില്‍ പെരിങ്ങല്‍കുത്ത് ജലാശയം, ഷോളയാര്‍ ഡാം ക്യാച്‌മെന്‍റ് ഏരിയയുടെ മനോഹര കാഴ്‌ച, തോട്ടപ്പുര വ്യൂപോയിന്‍റ് എന്നിവയും ആസ്വദിക്കാം.
മലക്കാപ്പാറയിലെത്തിയാല്‍ പിന്നെ വിസ്‌മയ കാഴ്ചകളുടെ സമയമാണ്. യാത്രക്കിടെ വന്യമൃഗങ്ങളെയും കാണാനാകും. വേഴാമ്പലുകളുടെ ശബ്‌ദവും യാത്രക്കിടയില്‍ പലതവണ കേള്‍ക്കാം. ഏറെ ദൂരത്തേക്ക് മുഴങ്ങി കേള്‍ക്കുന്ന ശബ്‌ദമായിരിക്കും വേഴാമ്പലിന്‍റേത്. വേഴാമ്പലിനെ മാത്രമല്ല സിംഹവാലന്‍ കുരങ്ങിനെയും വരയാടുകളെയും കാണാം.
കാട്ടിലൂടെയുള്ള യാത്ര ഏറെ കരുതി വേണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. റോഡിന് ഇരുവശത്തും മുളങ്കാടുകളുണ്ട്. അവയ്‌ക്കിടയിലാണ് പലപ്പോഴും കാട്ടാന അടക്കമുള്ള മൃഗങ്ങള്‍ നിലയുറപ്പിക്കുക. ഓരോ വളവുകള്‍ തിരിയുമ്പോഴും അവയെയെല്ലാം പ്രതീക്ഷിച്ച് വേണം മുന്നോട്ട് നീങ്ങാന്‍.
ബൈക്കേഴ്സിന് ഈ വഴിയിലൂടെ സഞ്ചരിക്കാൻ അനുമതിയില്ല. വാഴച്ചാൽ ചെക്ക്പോസ്റ്റിൽ കർശനപരിശോധനയുണ്ട്. കാറിലെ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണംവരെ അവിടെ നൽകണം. നിങ്ങൾക്കു ലഭിക്കുന്ന റസീതിൽ ഈ എണ്ണവും സമയവും രേഖപ്പെടുത്തും. ഇത്രയെണ്ണം കുപ്പികൾ തന്നെ കാടുകടന്നു മലക്കപ്പാറ ചെക്ക്പോസ്റ്റിൽ കാണിക്കണം. ഇല്ലെങ്കിൽ പിഴയുണ്ട്.
ചാലക്കുടിയിൽനിന്ന് അതിരാവിലെ മലക്കപ്പാറയിലേക്കു പ്രൈവറ്റ് ബസ്സുണ്ട്. എത്ര സമയം കൊണ്ട് കാടു താണ്ടണം,രണ്ടുമണിക്കൂർ കൊണ്ട് കാടുതാണ്ടണം. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശനസമയം.
#you #going #see #forest #meadow #flower #time #leave #Valparai
