(truevisionnews.com) തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നീലഗിരി ജില്ലയിൽ ഊട്ടിക്ക് സമീപമുള്ള ഒരു പട്ടണമാണ് കിന്നകോരയ് അഥവാ സൂര്യൻ വൈകിയുദിക്കുന്ന നാട്. ബൈക്ക് റൈഡേഴ്സിന്റെ സ്വപ്ന റൂട്ടാണ് കിന്നകോരയിലേക്കുള്ളത്.

നാലുഭാഗത്തും മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡുകൾ. തേയിലത്തോട്ടങ്ങൾ അവസാനിക്കുന്നിടത്ത് കാനനപാത ആരംഭിക്കുകയായി.
നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാൻ മടിക്കുന്ന ഈ വഴിയിൽ കോടമഞ്ഞുകൂടി വരുന്നതോടെ യാത്ര മനോഹരമാകും.
സഞ്ചാരികൾ പൊതുവേ കുറവായ കിന്നക്കോരൈ റോഡിന്റെ വശങ്ങളിലായി ആർക്കും ഒരു ശല്യവുമില്ലാതെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തിൻകൂട്ടങ്ങൾ പതിവ് കാഴ്ചയാണ്.
തീർത്തും നിഷ്കളങ്കരായ ഒരുപറ്റം ഗ്രാമീണർമാത്രം വസിക്കുന്ന കിന്നക്കോരൈയിൽ ആധുനികതയുടെ ഒരു കടന്നുകയറ്റംപോലും കാണാൻ കഴിയില്ല. പണ്ട് ബ്രിട്ടിഷുകാരുടെ കാലത്ത് തോട്ടംതൊഴിലാളികളായി കുടിയേറിയ കന്നഡ കുടുംബങ്ങളുടെ പിന്തുടർച്ചക്കാരായ ഗ്രാമീണരുടെ കുറച്ചു വീടുകളും ഒന്നോ രണ്ടോ കടകളും മാത്രമേ ഇവിടെയുള്ളൂ.
ഗൂഗിൾ മാപ്പിൽ കാണിക്കുന്ന കിന്നക്കോരൈ എന്ന സ്ഥലത്തുനിന്ന് അൽപംകൂടി മുന്നോട്ട് പോയാൽ ‘ഹിരിയസീഗൈ’ എന്ന സ്ഥലത്തെത്താം. വിരലിലെണ്ണാവുന്ന വീടുകളുള്ള ഇവിടെ റോഡ് അവസാനിക്കുകയാണ്.
അവിടെനിന്നു മടങ്ങുന്നവഴി കിണ്ണക്കോരൈ വ്യൂ പോയിന്റിലേക്ക് തിരിച്ചു. അവിടെ ഞങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൂരെ മഞ്ഞൂരിലേക്കുള്ള ഹെയർപിൻ വളവുകൾ നിറഞ്ഞ ചുരത്തിന്റെയും ഡാമിൽ നിന്നുള്ള ജലവൈദ്യുതപദ്ധതിയുടെ പൈപ്പുകളുടെയുമെല്ലാം വിദൂരദൃശ്യം ആസ്വദിക്കാം.
#land #sun #rises #late #bike #riders #dream #route #lets #go # Kinnakora
