(truevisionnews.com) മലയാളികൾക്ക് ആഹാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ദോശ. പലതരത്തിലുള്ള ദോശകൾ ലഭ്യമാണ്. ചീസ് ദോശ, മസാല ദോശ, പ്ലെയിൻ ദോശ, മുട്ട ദോശ, ചിക്കൻ ദോശ എന്നിങ്ങനെ പോകുന്നു ദോശയുടെ വിശേഷങ്ങൾ.

എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാലും, അരി ചേർക്കുന്നതിനാലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ദോശ ഒഴിവാക്കാറുണ്ട്. എന്നാൽ, ദോശ കഴിച്ചും വണ്ണം കുറയ്ക്കാൻ ഈ ദോശകൾ സഹായിക്കും. എങ്ങനെയെന്ന് നോക്കിയാലോ.
സാലഡ് ദോശ
ഈ ദോശ തയ്യാറാക്കാൻ ആദ്യം ഗോതമ്പ് ദോശ തയ്യാറാക്കി എടുക്കുക. ഇതിലേക്ക് സാലഡ് വെള്ളരി, സവാള, തക്കാളി, നിലക്കടല, ബദാം നുറുക്കിയത് എന്നിവ ചേർത്ത് കുറച്ച് നാരങ്ങനീര്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക.
ശേഷം ഗോതമ്പ് ദോശയിൽ ഈ സാലഡ് വെച്ച് റോൾ ചെയ്‌തെടുത്ത് കഴിക്കാം. ആവശ്യമെങ്കിൽ യോഗർട്ടും ചേർക്കാവുന്നതാണ്.
ചീസ് ദോശ
ചീസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഒരു ചീസ് ദോശ ഒരു നേരം കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിന് നല്ലതാണ്.
ഇതിനായി സാധാ ദോശ മാവ് ചട്ടിയിൽ പരത്തി ദോശ ഒന്ന് വെന്ത് വരുമ്പോൾ ഇതിനുമുകളിലേക്ക് ചീസ് കഷ്ണങ്ങൾ ഇടുക കൂടെ ക്യാരറ്റ് പൊടിപൊടിയായി വിതറുന്നതും നല്ലതാണ്. ഈ ദോശ ഒരെണ്ണം മാത്രം ഒരു നേരം കഴിക്കാനായി ശ്രദ്ധിക്കുക.
പനീർ ദോശ
ചീസ് ദോശ പോലെ തന്നെ പനീർ ദോശയും അമിതവണ്ണം കുറക്കുന്നതിന് നല്ലതാണ്. ഈ ദോശ തയ്യാറാക്കുന്നതിനായി ആദ്യം ദോശ മാവ് പരത്തി അതിലേക്ക് പൊടിച്ച് വെച്ച പനീർ ചേർക്കുക.
ഒപ്പം കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് കഴിക്കാവുന്നതാണ്. ആവശ്യമെങ്കിൽ കുറച്ച് ചീസും ചേർക്കാവുന്നതാണ്.
റവ ദോശ
റവ ദോശ തയ്യാറാക്കുന്നതിനായി ആദ്യം കുറച്ച് ഗോതമ്പ് പൊടി ആവശ്യമാണ്. ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര കപ്പ് വറുത്ത റവ എന്ന അളവിലെടുത്ത് ഇതിലേയ്ക്ക്, സവാള, പച്ചമുളക്, ക്യാരറ്റ് എന്നിവ ചെറുതാക്കി അരിഞ്ഞ് വെള്ളവും ഉപ്പും ചേർത്ത് മിക്‌സ് ചെയ്ത് വെയ്ക്കുക. ശേഷം ഒരു മണിക്കൂർ കഴിയുമ്പോൾ ദോശ ചുടാം.
മേൽ പറഞ്ഞ ദോശകൾ തയ്യാറാക്കുമ്പോൾ അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കുകയും ഒരു നേരം ഒരെണ്ണം മാത്രമായി കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. കാരണം, അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമായേക്കാം.
lose #weight #eating #dosa #make #recipe
