കായംകുളം:(truevisionnews.com) കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ അറസ്റ്റിൽ. ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ(39), മുതുകുളം ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്ന് വിളിക്കുന്ന ശരത് (35) എന്നിവരാണ് അറസ്റ്റിലായത്. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓർഡിനറി ബസിന് നേരെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
വഴി ഒഴിഞ്ഞു കൊടുത്തില്ലെന്ന പേരിൽ ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
.gif)

ആന ശരത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്. പ്രതിയായ ഷാജഹാൻ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്.
കായംകുളം സി ഐ അരുൺ ഷാ, എസ് ഐമാരായ രതീഷ് ബാബു, കൃഷ്ണലാൽ, വിനോദ്, നിയാസ്, എ എസ് ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു, പ്രശാന്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
youths arrested for throwing helmets at KSRTC bus in Kayamkulam, breaking glass
