(truevisionnews.com) ശാന്തമായി കിടക്കുന്ന കുടജാദ്രി പച്ച പുതപ്പണിഞ്ഞ് നിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.ഓരോ മല മടുക്കുകളിലും അങ്ങിങ്ങായി നിൽക്കുന്ന മഞ്ഞിന്റെ ആവരണങ്ങൾ ഇളം തണുപ്പും.

അറിവിൻ്റെ തമ്പുരാൻ സാക്ഷാൽ ശങ്കരാചാര്യർ തപമിരുന്ന കുടജാദ്രി, ഭക്തരുടെയും സഞ്ചാരികളുടെയും മനസ്സിലും കണ്ണിനും വിസ്മയമൊരുക്കുന്നയിടം. പോകാം ഈ യാത്ര കുടജാദ്രിയിലേക്ക്.
സമുദ്രനിരപ്പിൽ നിന്ന് 1,343 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുടജാദ്രി ശിവമോഗ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളുടെയും ഭക്തരുടെയും ഒഴുക്ക് തുടർന്നതോടെ കർണാടക സർക്കാർ പ്രദേശത്തെ പ്രകൃതി പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ശിവമോഗയിൽ നിന്ന് 78 കിലോമീറ്റർ അകലെയാണ് കുടജാദ്രി. കർണാടകയിലെ പതിമൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. കൊല്ലൂരിലെ അതിപ്രശ്സ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണുള്ളത്.
നേരിയ മഴയും മഞ്ഞുമുള്ള ദിവസങ്ങളിൽ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്ന മഴക്കാടുകളാണ് മൂകാബിക ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുടജാദ്രിയുടെ മറ്റൊരു ഭംഗി.
കൊല്ലൂർ എന്ന സ്ഥലത്താണ് ചരിത്ര പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ മൂകാംബിക ക്ഷേത്രവും സർവജ്ഞ പീഠവും കാണാൻ ദിനം പ്രതി എത്താറുണ്ട്.
പ്രകൃതിയുടെ ഭംഗിയിൽ അലിഞ്ഞ് കിടക്കുന്ന കുടജാദ്രിയിലേക്ക് ജീപ്പിൽ വേണം എത്താൻ. പണ്ട് ആളുകൾ കാൽ നടയായിട്ടാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ഇന്ന് ജീപ്പ് സർവീസ് ലഭ്യമാണ്. കൊല്ലൂരിൽ നിന്നു കുടജാദ്രിയിലേക്കു 38 കിലോമീറ്റർ ദൂരമുണ്ട്. മൂകാംബിക ക്ഷേത്ര മുറ്റത്ത് നിന്ന് കുടജാദ്രിയിലേക്ക് ജീപ്പിൽ വേണം എത്താൻ. വളവും തിരിവുമുള്ള റോഡിലൂടെയുള്ള യാത്ര സാഹസികമാണ്.
ഒരാൾ 400 രൂപയാണ് ഈടാക്കുക.രാവിലെ ആറുമണി മുതൽ വൈകീട്ട് മൂന്നുവരെ ജീപ്പ് സർവീസുണ്ട്. എട്ടുപേർ എത്തിയാൽ കാനനപാതയിലൂടെ ജീപ്പ് സർവീസ് റെഡിയാകും.പുലർച്ചെയുള്ള യാത്ര അതിമനോഹരമാണ്. മലനിരകളാൽ ചുറ്റപ്പെട്ട കുടജാദ്രിയിലെ സൂര്യോദയം ആരെയും ആകർഷിക്കുന്ന വന്യമായ കാഴ്ചയാണെന്നതിൽ സംശയമില്ല. ഈ യാത്രയിൽ നിരവധി ചെറു ക്ഷേത്രങ്ങൾ കാണാനാകും.
ജീപ്പിലെ സാഹസിക യാത്ര അവസാനിക്കുന്ന സ്ഥലത്ത് നിന്നും കാൽനടയായി വേണം സർവജ്ഞ പീഠത്തിലെത്താൻ. ശങ്കരാചാര്യരുടെ സർവജ്ഞ പീഠവും കോട മൂടിയ മലനിരകളും കാണുകയെന്നത് ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും.
ശങ്കര പീഠത്തിൽ നിന്ന് പടിഞ്ഞാറ് താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രത്തിൻ്റെ ഭംഗി കാണാം. ഉമാദേവി, രൗദ്രഭാവത്തിലുള്ള ദേവി, കാലഭൈരവൻ എന്നിവരുടെ ക്ഷേത്രവും കുടജാദ്രയിലുണ്ട്.കല്ലുകൾ കൊണ്ട് നിർമിച്ച ഒരു ചെറു ക്ഷേത്രമാണ് സർവജ്ഞപീഠം എന്ന് വിളിക്കപ്പെടുന്നത്. ശങ്കരാചാര്യർ തൻ്റെ ദീർഘമായ ആത്മീയ യാത്രയ്ക്കിടെ സന്ദർശിച്ചയിടമാണ് ഇവിടം. ദിവസവും ഇവിടെ പൂജയും മറ്റ് കർമ്മങ്ങളും തെറ്റാതെ നടക്കുന്നുണ്ട്.
ഏതൊരു യാത്രാ പ്രേമിയേയും ആകർഷിക്കുന്ന കാഴ്ചകൾ കുടജാദ്രിയിൽ ഉണ്ടെങ്കിലും സർവജ്ഞപീഠം നേരിൽ കാണുകയെന്നത് വല്ലാത്ത അനുഭവമാണ്. ശങ്കരപീഠത്തിന്റെ കൽപ്പടിയിലെ വിശ്രമം മലകയറി എത്തിയതിൻ്റെ സകല അവശതകളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കും.ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തഴുകി തലോടി കടന്നുപോകുന്ന കാറ്റും നേരിയ വെയിലുമാണ് ഇവിടുത്തെ കാലാവസ്ഥ.
കുടജാദ്രിയിലേക്കുള്ളത് സാഹസിക യാത്രയാണെങ്കിലും അപകടസാധ്യതകൾ കുറവാണ്. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാതയുണ്ടെങ്കിലും അപകട സാധ്യതകൾ ധാരാളമുള്ളതിനാൽ സഞ്ചാരികൾ ഇത് ഉപയോഗിക്കാറില്ല.
ഏറ്റവും അടുത്തുള്ള പട്ടണം ഇരുപത് കിലോമീറ്റർ അകലെയുള്ള കൊല്ലൂർ ആണ്. ഏറ്റവും അടുത്ത വിമാനത്താവളം 147 കിലോമീറ്റർ അകലെയുള്ള മംഗലാപുരമാണ്.
#Fort #covered #mountains #adventure #travel #Go #Kudajadri #wonder #top #mountains.
