( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 986 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് പാലക്കാട്.

എന്നാൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ തൃശ്ശൂരും രണ്ടാം സ്ഥാനത്തുണ്ട്. 985 പോയിന്റാണ് തൃശൂരിന് ഉള്ളത്. 984 പോയിന്റോടെ കണ്ണൂരുംതൊട്ട് പിന്നാലെയുണ്ട്. 977 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനത്തുണ്ട്. സ്വർണക്കപ്പ് ആർക്കാണെന്ന് അറിയാൻ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മത്സരങ്ങൾ എല്ലാം തന്നെ പൂർത്തിയാകും. അപ്പീലുകൾ 3.30ന് മുൻപ് തീർപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേൾക്കുന്ന വിധി നിർണയത്തിലെ പരാതികളും ആരോപണങ്ങളും വളരെ വിരളമായ കലോത്സവത്തിനാണ് തിരശ്ശീല വീഴുന്നത്. ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയെല്ലാം ഇത്തവണ അരങ്ങിലെത്തിയിരുന്നു.
മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) ആണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആദരിക്കും.
മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികൾ ആകും.
#Only #hours #until #curtain #falls #close #fight #goldcup #arts #festival #comes #close
