തിരുവനന്തപുരം:(truevisionnews.com) വിതുര താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ ചേർന്ന പ്രവർത്തനമല്ല ഇതെന്നും മന്ത്രി.
അതേസമയം ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. അഞ്ചു മിനിറ്റ് മാത്രമാണ് പ്രതിഷേധം എന്നായിരുന്നു കോൺഗ്രസ് വാദം. വിതുര മണലി സ്വദേശി ബിനു ആണ് കോൺഗ്രസ് ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് മരിച്ചത്.
.gif)

അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞു എന്ന് എഫ്.ഐ.ആർ. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ ഉള്ളയാളെ കൊണ്ടുപോകാനുള്ള ആംബുലൻസ് ആണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു കോൺഗ്രസ് വാദം.
പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. രോഗിയെ കയറ്റാൻ സമ്മതിക്കാതെ 20 മിനിട്ടോളം ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾ കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നാലെ ബിനു മരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
Minister V Sivankutty responds to the incident where a patient died after Vithura Youth Congress workers blocked an ambulance
