ലഖ്‌നൗ: ( www.truevisionnews.com ) ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം തന്നെ ഫോണ്‍ വിളിച്ചിരുന്നുവെന്ന് പ്രതിയുടെ അമ്മാവന്‍.
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. നാക്ക പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്സ (16), റഹ്‌മീന്‍ (18) എന്നിവരെയാണ് അര്‍ഷാദ് കൊലപ്പെടുത്തിയത്.
കൊലപാതക ശേഷം കുറ്റം സമ്മതിച്ച് ഇയാള്‍ വീഡിയോയും ചിത്രീകരിച്ചിരുന്നു. കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് അസ്മയുടെ കുടുംബത്തിന്റെ ആവശ്യം.
മുഴുവന്‍ കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം അര്‍ഷാദ് തന്നെ വിളിച്ചിരുന്നുവെന്ന് അസ്മയുടെ സഹോദരനും അര്‍ഷാദിന്റെ അമ്മാവനുമായ മുഹമ്മദ് സീഷാന്‍ പറഞ്ഞു.
'അമ്മാവാ, ഞാന്‍ മുഴുവന്‍ കുടുംബത്തെയും കൊന്നു.' എന്നായിരുന്നു അര്‍ഷാദിന്റെ വാക്കുകള്‍.
'നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സഹോദരിയുമായി ഏറ്റവും ഒടുവില്‍ സംസാരിച്ചത്. വളരെ ലാളിത്യവും സ്‌നേഹവുമുള്ളവളായിരുന്നു. അര്‍ഷാദിന് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നാണ് എനിക്ക്. അവനെ തൂക്കിലേറ്റണം.' സീഷാന്‍ പറഞ്ഞു.
കഴുത്തറുത്തും കൈഞരമ്പുകള്‍ മുറിച്ചുമായിരുന്നു കൊലപാതകം. അതിന് മുമ്പ് എല്ലാവരെയും മയക്കിയിരുന്നുവെന്നും പോലീസ് പറയുന്നു.
സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്നാണ് പ്രതിയായ അര്‍ഷാദ് ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നത്.
ബുധൗനിലെ വീട് അയല്‍വാസികളും ഭൂമാഫിയയും കൈവശപ്പെടുത്തി. സഹോദരിമാരെ ലൈംഗികവൃത്തിക്കായി കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തി.
നാലാമത്തെ സഹോദരിയും മരിക്കാന്‍ പോകുകയാണ്. ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചുമാണ് അവരെ കൊന്നത്. ഇതിന് അച്ഛനും സഹായിച്ചുവെന്നും അര്‍ഷാദ് വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം.
'അയല്‍വാസികളുടെ ക്രൂരത കാരണമാണ് എന്റെ കുടുംബം ഈ അവസ്ഥയിലെത്തിയത്. ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോള്‍ നാട്ടുകാരാണ് ഉത്തരവാദികളെന്ന് എല്ലാവരും അറിയണം. ഞങ്ങളെ ഉപദ്രവിച്ച് അവര്‍ വീട് പിടിച്ചെടുത്തു.
ഞങ്ങള്‍ എതിര്‍ത്തെങ്കിലും ആരും കേട്ടില്ല. തെരുവില്‍ തണുത്തുവിറച്ച് ഉറങ്ങാന്‍ തുടങ്ങിയിട്ട് 15 ദിവസമായി. ഇനിയും ഇത് തുടരാനാവില്ല. അവര്‍ വീടുകള്‍ പിടിച്ചെടുത്തു. അതിന്റെ രേഖകള്‍ എന്റെ കൈയിലുണ്ട്.'- വീഡിയോയില്‍ അര്‍ഷാദ് പറയുന്നു.
#lucknow #man #chilling #phone #call #after #killing #mother #4 #sisters