തിരുവനന്തപുരം: (truevisionnews.com) 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വിജയപ്രതീക്ഷകളുമായി കേരളത്തിൽ ഉടനീളമുള്ള കൗമാരങ്ങൾ ഇനി അനന്തപുരിയിലെ വിവിധ വേദികളിലേക്ക് ഒഴുകിയെത്തും .
സംസ്ഥാന സ്കൂൾ കലോത്സവം കലാ മത്സരങ്ങളുടെ മാത്രം വേദിയല്ല, ചിലർക്കെങ്കിലും അത് കണ്ണീരിന്റെയും ബാധ്യതകളുടെയും കടപ്പാടിന്റെയും നോവിന്റെയും പോർക്കളം കൂടിയാണ്.
കഴിഞ്ഞ 62 കൊല്ലമായി കലോത്സവവേദികൾ ചില സ്ഥിരം കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരാറുണ്ട്. കടുത്ത പോരാട്ടത്തിൽ ചിറകറ്റ് വീഴുന്നവരിൽ പലരും ചിലപ്പോഴൊക്കെ കലാപരമായി മുന്നിൽ നിൽക്കാനുള്ള കഴിവ് ഉണ്ടെങ്കിലും സാമൂഹിക സാമ്പത്തിക പിന്നോക്ക അവസ്ഥകളാൽ പിന്തള്ളപ്പെട്ടവരാണ്.
ലഭ്യമാകുന്ന സാധ്യതകളിൽ ഏറ്റവും മേന്മ ഏറിയ അധ്യാപകരുടെ കീഴിൽ പരിശീലനം നേടുകയും, അതിനൊത്ത വസ്ത്രാലങ്കാരവും അകമ്പടിയുമായി എത്തുന്നവർക്കുമുന്നിൽ പ്രതിഭയുണ്ട് എന്നാൽ കലോത്സവ വേദിയിലൊന്ന് എത്തിച്ചേരാൻ പോലും പണമില്ലാത്തവർ ഏറെയാണ്.
നാടകം, നൃത്തം വിഭാഗങ്ങളിൽ അണിയറക്കും, അലങ്കാരത്തിനും ചിലവ് ലക്ഷങ്ങളാണ്. പലപ്പോഴും കലാകായിക മത്സരങ്ങൾക്ക് സ്കൂളുകൾ സ്വയമേവ സമാഹരിക്കുന്ന തുക വളരെ തുച്ഛമാണ്. ചില സ്കൂളുകളുടെ കാര്യത്തിൽ അത്തരത്തിൽ ഒരു തുക അനുവദിക്കാൻ പോലും തരമുണ്ടാകില്ല.
പലപ്പോഴും ഇത്തരം വേദികളിൽ നിന്നാണ് ഭാവിയിലേക്കുള്ള താരങ്ങൾ ഉടലെടുക്കുന്നത്. സാഹിത്യ സിനിമ മേഖലകളിൽ ഇന്ന് അറിയപ്പെടുന്നവരിൽ പലരും കലോത്സവ വേദികളിൽ നിന്ന് കഴിവ് തെളിയിച്ചു കടന്നു വന്നവരാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും കലോത്സവത്തിനായി ഒരു നിശ്ചിത തുക ഗ്രാൻഡ് അനുവദിക്കുകയാണെങ്കിൽ പലപ്പോഴും സാമ്പത്തികപരമായ പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് അത് വലിയൊരു ആശ്വാസം ആയിരിക്കും.
പണയം വെച്ചും കടം വാങ്ങിയും മക്കളെ വേദികളിലേക്ക് വിടുന്ന മാതാപിതാക്കൾ ഏറെയാണ്. മുൻ വർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു. പണക്കൊഴുപ്പ് പലപ്പോഴും വിധികർത്താക്കളെ പോലും വിലയ്ക്ക് വാങ്ങാറുണ്ടെന്നും മത്സരാർത്ഥികൾക്കിടയിൽ ആശങ്ക നിറയ്ക്കുന്നതാണ്.
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നതിനപ്പുറം തിരശ്ശീലയ്ക്ക് പുറകിലുള്ള തന്റെ കഴിവിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കാണിക്കുമ്പോഴാണ് അവന്റെ അർപ്പണബോധത്തിന് സംതൃപ്തി ലഭിക്കുക.
ഒരു വിദ്യാർത്ഥിയും കഴിവുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരിൽ മുന്നോട്ടുവയ്ക്കേണ്ട കാൽ പിന്നോട്ട് എടുക്കേണ്ടി വരരുത്. നമ്മുടെ ഗ്രാമങ്ങളിലെ കുടിലുകൾക്കുള്ളിൽ ഒരു പ്രതിഭയും പുറംലോകം കാണാതെ അസ്തമിച്ചു പോകാൻ പാടില്ല.
കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം പരാധീനതകൾക്കുള്ള ശക്തമായ തീരുമാനങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇനിയും നമുക്കിടയിൽ മുന്നേറി വരും മറ്റൊരു കാവ്യയും നവ്യയും വിനീതുമൊക്കെ.
_ ആതിര കൃഷ്ണ എസ് ആർ
#kerala #school #kalolsavam #2025 #few #reminders #youth #color #festival #kicks #off