തിരുവനന്തപുരം : ( www.truevisionnews.com ) ഏഷ്യൻ സിനിമാ ലോകത്ത് പ്രവർത്തിക്കുന്നവർക്ക് എന്നും പ്രചോദനമായ വ്യക്തിത്വമാണ് അരുണ വാസുദേവെന്ന് ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ ബീനാ പോൾ അഭിപ്രായപ്പെട്ടു.

ഓപ്പൺ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'റിമംബറിങ് അരുണ വാസുദേവ്' പരിപാടിയിലാണ് ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക അരുണ വാസുദേവിനെ അനുസ്മരിച്ച് ബീന പോൾ സംസാരിച്ചത്.
സിനിമയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന സമയത്താണ് അരുണാ വാസുദേവ് ഈ മേഖലയിലേക്കെത്തുന്നതെന്ന് ബീനാ പോൾ പറഞ്ഞു. നിരവധി മുതിർന്ന സിനിമാപ്രവർത്തകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്.
യാത്രകളിലൂടെയാണ് ഏഷ്യൻ സിനിമാലോകത്തെ കുറിച്ച് ലോകത്തിനുള്ള അജ്ഞത അരുണ മനസ്സിലാക്കിയത്.
പാശ്ചാത്യർ ഏഷ്യൻ സിനിമകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന തിരിച്ചറിവും ഇതിലൂടെ ഉണ്ടായി. സാംസ്‌കാരിക കെട്ടുപാടുകളിൽ കുടുങ്ങി പലപ്പോഴും ഏഷ്യൻ സിനിമകൾ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടാറില്ല എന്നും അരുണ മനസ്സിലാക്കി.
ഏഷ്യൻ സിനിമകളെ ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവർക്കു കഴിഞ്ഞു.
സിനിമയിൽ സ്ത്രീസാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യവും അവർക്കുണ്ടായിരുന്നെന്നും ബീനാ പോൾ പറഞ്ഞു.
ഏഷ്യൻ സിനിമയെക്കുറിച്ച് ആധികാരികമായ നിരവധി പുസ്തകങ്ങൾ എഴുതിയ വ്യക്തിയായിരുന്നു അരുണാ വാസുദേവെന്ന് ആശംസാപ്രസംഗം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു അരുണയുടെ സിനിമാ പ്രവേശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ നെറ്റ്പാക്ക് അംഗങ്ങളായ നോമ്മുൻസുൽ തുർമുഖ്, ഗുൽബാര, ദീപ ഗലോട്ട് എന്നിവർ പങ്കെടുത്തു.
#ArunaVasudev #BeenaPaul #always #inspiration #Asianfilm #world
