(truevisionnews.com) കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ആകർഷകമാക്കി കരകൗശലവസ്തുക്കളുടെ പ്രദർശനവും വിപണനവും. സാംസ്‌കാരികവകുപ്പിനു കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ ഭാഗമായാണു പ്രദർശന വിപണന കേന്ദ്രം ടാഗോർ തിയേറ്റർ പരിസരത്ത് പ്രവർത്തിക്കുന്നത്.
പൂർണമായും കൈകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ കാണാനും വാങ്ങാനും നിരവധിപേരാണ് ഇവിടെ എത്തുന്നത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള തനത് സംസ്‌കാരങ്ങളുടെ നേർചിത്രം കൂടിയാണ് ഓരോ നിർമിതിയും.
പ്രളയകാലത്തും ലോക്ക് ഡൗൺ കാലത്തും ഉണ്ടായ പ്രതിസന്ധികൾ മൂലം നിരവധി കരകൗശലകലാകാരന്മാർക്ക് അവരുടെ തൊഴിൽവിട്ട് പോവേണ്ട അവസ്ഥയുണ്ടായി.
ഇത്തരത്തിൽ നമ്മുടെ ഗ്രാമീണ കലാനിർമിതികൾ അന്യം നിന്ന് പോവാതിരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച ആശയമാണ് ഗ്രാമീണ കലാകേന്ദ്രം പദ്ധതി.
കഥകളി രൂപങ്ങൾ, നെറ്റിപ്പട്ടം, ആറന്മുള, കണ്ണാടി, ആമാടപ്പെട്ടി, നെട്ടൂർ പെട്ടി, ചിരട്ടകൊണ്ടും ഓലകൊണ്ടുമുള്ള കലാസൃഷ്ടികൾ, അപൂർവ ചുമർചിത്രങ്ങൾ തുടങ്ങി അറുപത്തഞ്ചോളം വരുന്ന കേരളത്തിന്റെ പൈതൃക രൂപങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇതിനു പുറമെ കണ്ണൂർ കുഞ്ഞിമംഗലത്തു നിന്നുള്ള പവിത്രമോതിരം, കൊല്ലം തഴപ്പായ, ദാരു ശില്പങ്ങൾ, മൺപാത്രങ്ങൾ, തളങ്കരത്തൊപ്പി തുടങ്ങി നൂറ്റിയെട്ടോളം കരകൗശല നിർമിതികൾ ഗ്രാമീണ കലാകേന്ദ്രത്തിന്റെ കലാകാരന്മാർ നിർമ്മിക്കുന്നുണ്ട്.
അന്യം നിന്നുപോയേക്കാവുന്ന നമ്മുടെ തനത് കലാരീതികളെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുകയും കലാകാരന്മാരെ ചേർത്തുനിർത്തുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
#Exhibition #Marketing #Center #Department #Culture #unique #handicrafts #Kerala