( www.truevisionnews.com) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിലിയെൻ ചിത്രം 'ദ ഹൈപ്പർബോറിയൻസ്'.
ക്രിസ്റ്റോബൽ ലിയോണും ജോക്വിൻ കോസിനയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്റർ, ആനിമേഷൻ, സയൻസ് ഫിക്ഷൻ എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു.
അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു.
യഥാർത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണമാണ് സിനിമയിലുടനീളം. ഇത് പ്രേക്ഷകർക്കും ഏറെ വ്യത്യസ്തവും സങ്കീർണവുമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
സങ്കീർണമായ ഈ സിനിമാഖ്യാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിലുള്ള ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകരിലൊരാളായ ക്രിസ്റ്റോബൽ ലിയോൺ പറയുന്നത്.
കാഴ്ചക്കാർക്ക് ചിത്രം ഇഷ്ടപ്പെടണമെന്നില്ല, മറിച്ച് അവർ ഈ ചിത്രത്തെക്കുറിച്ച് മറക്കരുതെന്നും സംവിധായകൻ പറയുന്നു. പ്രേക്ഷകർ ഇത് മറന്നാൽ തങ്ങൾ പരാജയപ്പെട്ടത് പോലെയാണെന്നും കലയെ സ്വയംപ്രഖ്യാപിത നിയമങ്ങളാൽ സമീപിക്കുവാനും സ്വതന്ത്രമായി സൃഷ്ടിക്കുവാനും സാധിക്കണമെന്നുമാണു സംവിധായകന്റെ പക്ഷം.
ഒരു കലാപ്രദർശനമാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ആ ആശയം ഒരു സിനിമയായി പരിണമിക്കുകയായിരുന്നെന്നു സംവിധായകൻ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഫ്രാൻസിസ്‌കോ വിസെറലിന് സിനിമയിൽ ലോഹം കൊണ്ടു തീർത്ത മുഖമാണ്.
കലാസംവിധായിക നതാലിയ ഗെയ്‌സിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സിനിമയ്ക്കാവശ്യമായി വന്ന രൂപങ്ങളെല്ലാം ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ പങ്കെടുത്ത യുവാക്കളാണ് നിർമിച്ചത്.
'എല്ലാം കലയാണ്' എന്ന ആശയം ഉൾക്കൊള്ളുന്ന സിനിമ പരമ്പരാഗത ചിത്രീകരണ രീതിയിൽ നിന്നു വ്യത്യസ്തമായി കലാ
ആസ്വാദകരെയും കൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നു നതാലിയ ഗെയ്‌സ് പറഞ്ഞു. പാരമ്പര്യരീതികളെ പൊളിച്ചെഴുതിയ സിനിമയാണിതെന്നും നതാലിയ പറയുന്നു. നാടക സ്റ്റേജുകൾ, ഫോട്ടോഗ്രാഫിക് സ്റ്റുഡിയോകൾ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനായത്.
ഷൂട്ടിങ് കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരുന്നു. ഇതിലൂടെ സിനിമ നിർമാണ പ്രക്രിയ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്ന് നതാലിയ പറയുന്നു.
ചുറ്റുമുള്ള ആളുകളിൽ നിന്ന് അഭിപ്രായം സ്വീകരിച്ചുകൊണ്ട് എല്ലാവരെയും ഒരുമിപ്പിച്ചുള്ള അതിവിശാലമായൊരു സൃഷ്ടിയായി ചിത്രത്തെ മാറ്റുവാൻ സാധിച്ചു. ഒരു ആർട്ട് എക്സിബിഷൻ പോലെ, ഈ പ്രക്രിയ തന്നെ കഥയുടെ ഭാഗമായെന്നും നതാലിയ പറഞ്ഞു.
#film #different #strange #faces #Hyperboreans #brings #unique #experience #audience