( www.truevisionnews.com) പൂർണമായും ഹരിത ചട്ടം പാലിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മാതൃകയാകുന്നു. തിയേറ്ററുകളിലെല്ലാം ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഹരിത ചട്ടവും മാലിന്യ നിർമാർജനവും ഉറപ്പാക്കുന്നു. ഡെലിഗേറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേദികളിൽ നിക്ഷേപിക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചാൽ ഉടൻ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നുണ്ട്. മേളയുടെ നടത്തിപ്പ് ചുമതലയുള്ളവർക്കുള്ള ഭക്ഷണം വിളമ്പുന്നതിലും പ്ലാസ്റ്റിക് പാത്രങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽത്ത് ഡെസ്‌കും ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രാഥമിക ശുശ്രൂഷയും അടിയന്തര ഘട്ടങ്ങളിൽ വേണ്ടിവരുന്ന ആരോഗ്യ സേവനങ്ങളും ആംബുലൻസ് സൗകര്യവും ഹെൽത്ത് ഡെസ്‌കിൽ ലഭ്യമാണ്.
ട്രാഫിക് നിയന്ത്രണത്തിനും ജനത്തിരക്ക് നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇരുപതോളം പൊലീസുകാരെ വിവിധ തിയേറ്ററുകളിലായി വിന്യസിച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാൻ എത്തുന്നവരുടെ യാത്രാസൗകര്യത്തിനായി കെ എസ് ആർ ടി സിയുടെ രണ്ട് ഇലക്ട്രിക് ബസുകളാണ്
ചലച്ചിത്ര അക്കാദമി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ആരംഭിക്കുന്ന ആദ്യപ്രദർശനം മുതൽ രാത്രി പ്രദർശനം അവസാനിക്കുന്നത് വരെ സൗജന്യ ബസ് സർവീസുണ്ട്.
പതിമൂവായിരത്തോളം ഡെലിഗേറ്റുകളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. ഡെലിഗേറ്റ് പാസുകളുടെ രജിസ്‌ട്രേഷനും വിതരണവും അടക്കം ഡെലിഗേറ്റുകളുടെ എല്ലാ ആവശ്യങ്ങൾക്കും സമീപിക്കാൻ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെൽ പ്രവർത്തിക്കുന്നു.
നാൽപ്പതോളം അംഗങ്ങളാണ് ഡെലിഗേറ്റ് സെല്ലിൽ സദാ പ്രവർത്തനസന്നദ്ധരായി രംഗത്തുള്ളത്. മേളയിൽ പങ്കെടുക്കുന്ന അതിഥികളെ സ്വീകരിക്കാനും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമായി ഗസ്റ്റ് റിലേഷൻ സെല്ലും രംഗത്തുണ്ട്. മേളയെ സംബന്ധിക്കുന്ന തത്സമയ വിശേഷങ്ങളും വാർത്തകളും ജനങ്ങളിലേക്കെത്തിക്കാൻ 21 അംഗ മീഡിയ സെല്ലും പ്രവർത്തിക്കുന്നു.
#Green #regulations #are #strict #Extensive #facilities #film #lovers #IFFK