( www.truevisionnews.com) അങ്കൂർ തനിക്ക് ഏറെ പ്രാധാന്യമുള്ള പ്രിയപ്പെട്ട ചിത്രമെന്ന് ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ 'അങ്കൂർ' 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണ്.
അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ടു പിന്നിടുന്ന ശബാന ആസ്മിയെ ആദരിക്കുന്ന 29- ാമത് ഐ.എഫ്.എഫ്.കെയുടെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു ശബാന ആസ്മി.
നഗരത്തിലെ മധ്യ വർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റാൻ സംവിധായകൻ ശ്യാം ബെനഗൽ നടത്തിയ രസകരമായ ശ്രമങ്ങൾ നടി ഓർത്തെടുത്തു.
ആദ്യ ഐ.എഫ്.എഫ്.കെയുടെ ഭാഗമായ തനിക്ക് 29- ാമത് മേളയിലും എത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. ശ്യാം ബെനഗലിന്റെ പിറന്നാൾ ദിനത്തിൽ ഇതേ വേദിയിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും നടി പറഞ്ഞു.
അങ്കൂറിന്റെ പ്രദർശനത്തിനു മുന്നോടിയായി നടന്ന ചടങ്ങ് മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ സ്‌നേഹോപഹാരം അദ്ദേഹം ശബാന ആസ്മിക്ക് സമ്മാനിച്ചു.
സംവിധായകൻ ശ്യാം ബെനഗലിന് അദ്ദേഹം നവതി ആശംസകൾ അറിയിച്ചു. കലാ സാംസ്‌കാരിക മേഖലയിൽ ശബാന ആസ്മിയുടെ സംഭാവനകൾ ഉൾക്കൊള്ളിച്ചു തയാറാക്കിയ ഹ്രസ്വ വിഡിയോ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു.
മാധ്യമ പ്രവർത്തകരുമായി സംവദിച്ച ശേഷം കൈരളി തീയറ്ററിൽ 'വെളിച്ചം തേടി' എന്ന മലയാള ചിത്രം കണ്ടാണ് നടി മടങ്ങിയത്.
ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
#'Ankoor #is #my #favorite #movie #ShabanaAzmi