കണ്ണൂർ: മുൻ കണ്ണൂർ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
പോസ്റ്റ് മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു ഹൈക്കോടതിയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല.
വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. നിലവിലെ അന്വേഷണ സംഘം നല്ലതാണ്. എന്നാല്‍ മറ്റൊരു എജന്‍സി നിപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക. അന്വേഷണം നടക്കുമ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് പ്രതിയായ പിപി ദിവ്യയെ നിയമിച്ചു.
ഇതിന്റെ അര്‍ത്ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും കുടുംബം. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല.
പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹർജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹർജിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി.
#ADM #Death #verdict #reversed #family #plea #seeking #CBI #probe