മുംബൈ: (truevisionnews.com) പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാമെന്നും ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്നും ബോംബെ ഹൈകോടതി.
ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി വിധി.
ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്.
വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം അനുഭവങ്ങൾ ഇല്ലാതാകുന്നില്ലെന്നും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയാണ് പരാതിക്കാരി. പിതാവും സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്നതാണ് കുടുംബം. അയൽക്കാരനാണ് കേസിൽ പ്രതിയായത്. 2019ലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്.
ഇതിന് നാല് വർഷം മുമ്പുതന്നെ പരാതിക്കാരനുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ ശാരീരിക ബന്ധത്തിന് പെൺകുട്ടി തയാറായിരുന്നില്ല. ഇതിനിടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് പെൺകുട്ടി അടുത്ത പട്ടണത്തിൽ ജോലിക്ക് പോയിത്തുടങ്ങി.
പ്രതി ഇടക്ക് പെൺകുട്ടിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്യാൻ ആരംഭിച്ചു. ഇതിനിടെ പ്രതി നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു.
പിന്നീട് വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി. ഗർഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പിതൃത്വം നിഷേധിച്ചും പീഡനം തുടർന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവിൽ പത്ത് വർഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.
#Sexual #intercourse #with #minor #wife #Rape #High #Court #upheld #10 #years #imprisonment