പാനൂർ :(truevisionnews.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പേരിലും ഓൺലൈൻ തട്ടിപ്പിന് ശ്രമം. പദ്ധതിയിൽ ചേരുന്നതിനെന്നപേരിൽ 'പിഎം കിസാൻ. (PM KISSAN.apk)' എന്ന ഫയലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുന്നത്.
ഇതിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ നമ്മളറിയാതെ ചില ആപ്പുകൾ ഫോണിൽ ഇൻസ്റ്റാളാകും.
ഇതുപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഫോണിലെ വിവരം ചോർത്തുകയോ നിയന്ത്രണം സ്വന്തമാക്കുകയോ ചെയ്യും. തുടർന്ന്, ബാങ്ക് അക്കൗണ്ടുകളിലും മറ്റും കടന്നുകയറി പണം തട്ടും.
സാമൂഹികമാധ്യമങ്ങൾ വഴിയോ ഇ-മെയിൽ വഴിയോ ഇത്തരം ഫയലുകൾ കിട്ടിയാൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇങ്ങനെ ലഭിക്കുന്ന എപികെ(. apk) ഫയലുകൾ പലപ്പോഴും അപകടകാരികളാണ്.
ചമ്പാട് അരയാക്കൂൽ സ്വദേശിനിയും ആരോഗ്യ പ്രവർത്തകയുമായ നിഷ തലനാരിഴക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. പിഎം കിസാൻ എപി കെ ഫയലിൽ ക്ലിക്ക് ചെയ്തയുടനെ നിഷയുടെ ഫോൺ ഹാങ്ങാവുകയും, മറ്റ് ഗ്രൂപ്പുകളിലേക്കും, കോൺടാക്ടുകളിലേക്കും ഫയൽ പോകുകയുമായിരുന്നു.
പലരും വിളിച്ചു ചോദിച്ചതോടെയാണ് നിഷ സംഗതിയുടെ ഗൗരവം ഉൾക്കൊള്ളുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും, സൈബർ സെൽ ഉടൻ ഇടപെടുകയുമായിരുന്നു. തുടർന്ന് നേരെ ബാങ്കിലെത്തിയ നിഷ എക്കൗണ്ടിലുണ്ടായ പണം മക്കളുടെ എക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
അതിനാൽ നിഷക്ക് പണം നഷ്ടമായില്ല. എന്നാൽ പാനൂർ, പന്ന്യന്നൂർ മേഖലകളിൽ പലരും ഇതു കാരണം ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇൻസ്റ്റാൾ ആയ ആപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്യാനായി മൊബൈൽ ഷോപ്പുകൾ കയറി ഇറങ്ങുകയാണ് പലരും.
ചെറുകിടകൃഷിക്കാർക്ക് വരുമാന പിന്തുണ ഉറപ്പാക്കുകയാണ് പി.എം. കിസാൻ സമ്മാൻനിധിയുടെ ലക്ഷ്യം. pmkisan.gov.in എന്ന വെബ്സൈറ്റിൽ പോയി ഫാർമേഴ്‌സ് കോർണറിലെ ന്യൂ ഫാർമർ രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്താണ് പദ്ധതിയിൽ ചേരേണ്ടത്.
#Attempted #online #fraud #name #Prime #Minister #Kisan #Samman #Nidhi.