കാസർഗോഡ് : (truevisionnews.com) നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്.
തങ്ങളുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. ആശുപത്രി മുഖാന്തരമായിരിക്കും ധനസഹായം നൽകുക.
അപകടത്തിന് കാരണം ക്ഷേത്ര കമ്മിറ്റിക്കാരുടെ അശ്രദ്ധയാണെന്നും ക്ഷേത്ര കമ്മിറ്റിയും ചികിത്സാ സഹായം നൽകണമെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു.
അതേസമയം, അപകടത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 2 രോഗികളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
. ഇത്തരത്തിൽ പരിക്കേറ്റവർക്ക് തുടർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ഇൻഫെക്ഷൻ സാധ്യത കൂടുതലാണെന്നും മിംസ് എമർജൻസി വിഭാഗം മേധാവി ഡോ. വി ജിനേഷ് പറഞ്ഞു.
അപകടത്തില്‍ നിലവിൽ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്.
അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നീകാര്യങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിക്കുന്നു. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
#Nileswaramfirecrackerblast #accident #government #bear #medicalexpenses #njured