( www.truevisionnews.com) ഹൃദയസഖാവിന് അന്ത്യാഭിവാദ്യമാർപ്പിക്കാൻ ആൾക്കടലായി തലസ്ഥാനനഗരം. രാവേറെയായിട്ടും ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങൾ നിലക്കുന്നില്ല. മണിക്കൂറുകൾ കാത്തുനിന്നാണ് പ്രിയസഖാവിനെ ജനം അവസാനനോക്കുകണ്ടത്. എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വസതിയിലേക്ക് കൊണ്ടുപോയി. കണ്ഠമിടറിയ മുദ്രവാക്യം വിളിയോടെയാണ് തങ്ങളുടെ പ്രിയനേതാവിനെ എകെജി സെന്ററിൽ നിന്ന് അവസാനമായി യാത്രയാക്കിയത്.
നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് ദർബാർഹാളിൽ പൊതുദർശനം ആരംഭിക്കും. അതുവരെ വസതിയിലായിരിക്കും മൃതദേഹം ഉണ്ടാവുക. സെക്രട്ടറിയേറ്റിലും സെക്രട്ടറിയേറ്റ് വളപ്പിലും നാളെ പാർക്കിങ് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര പുറപ്പെടും. രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ മൃതദേഹം എത്തിക്കും.
.gif)

ബുധൻ രാവിലെ 9 മണി വരെ വീട്ടിലും തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും.
വി എസിന്റെ ആരോഗ്യനില ഇന്നുച്ചയോടെ അതീവ ഗുരുതരമാകുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. വൈകിട്ട് ഏഴേകാലോടെയാണ് വി എസിന്റെ മൃതദേഹം പഴയ എ കെ ജി സെന്ററിലെത്തിച്ചത്. 11.40ഓടെയാണ് മൃതദേഹം എകെജി സെന്ററിൽ നിന്ന് വസതിയിലേക്ക് കൊണ്ടുപോയത്.
capital city is flooded with people; VS's body is taken to his home in Thiruvananthapuram
