കണ്ണൂർ : (truevisionnews.com) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു.
ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു.
ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്.
കണ്ണപുരത്തേക്ക് ദിവ്യ ആസൂത്രിതമായി എത്തിയെന്നാണ് വിവരം. ദിവ്യയ്‌ക്കൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ദിവ്യ മുന്‍പ് തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. ദിവ്യ ഇന്ന് റെഗുലര്‍ ജാമ്യാപേക്ഷ കൂടി സമര്‍പ്പിച്ചേക്കാനാണ് സാധ്യത.
കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍.
നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
#Divya #brought #crimebranchoffice #YouthCongress #protests #waving #flags #shouting #middle #road