തളിപ്പറമ്പ്: (truevisionnews.com) ഇലക്ട്രിക്ക് സ്കൂട്ടറിൻ്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടയിൽ തീപടർന്ന് വീടിനുള്ളിൽ പുക നിറഞ്ഞത് പരിഭ്രാന്തി പരത്തി.
അളളാംകുളം സ്ട്രീറ്റ് നമ്പർ 12 ൽ എം. സജിതയുടെ സ്കൂട്ടറിൽ നിന്നും അഴിച്ച് വീട്ടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. മുകളിൽ മുഴുവനായി പുക നിറഞ്ഞതോടെ വീട്ടുകാർ പറത്തിറങ്ങി അഗ്നി ശമന സേനയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ്. സഹദേവൻ്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ എം.പി റാഷിദ്, സി. അഭിലേഷ് എന്നിവർ ബ്രീത്തിങ് കിറ്റ് ധരിച്ച് വീടിന് ഉള്ളിൽ കയറി ബാറ്ററി പുറത്തെത്തിച്ചു.
കൂടുതൽ അപകടം ഒഴിവാക്കാൻ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റുകയും വെൻ്റിലേഷൻ നടത്തുകയും ചെയ്തു.
വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം അല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബാറ്ററികൾ പുറത്തു വച്ച് ചാർജ് ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
#battery #electric #scooter #caught #fire #while #charging