Oct 11, 2024 11:20 AM

തിരുവനന്തപുരം: (truevisionnews.com) ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സ്ത്രീകളുടെ വിഷയം ചർച്ച ചെയ്യുന്നില്ലെന്ന് പറഞ്ഞാൽ, അത് സഭക്ക് തന്നെയാണ് നാണക്കേടെന്നും, വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

അവതരണത്തിന് അനുമതിയില്ലെങ്കിൽ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്ത് നിന്ന് കെ.കെ. രമയാണ് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ടെന്നും എന്നാൽ, കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഇത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കെ.കെ രമ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കർ എ.എൻ. ഷംസീർ നിഷേധിക്കുകയാണ് ചെയ്തത്. കോടതിയുടെ പരിഗണയിലുള്ള വിഷയമായതിൽ അവതരണാനുമതിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

നിയമസഭ കൗരവസഭയായി മാറിയെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

സഭയിൽ ചോദ്യം ചോദിക്കാൻ പോലും അനുവദിക്കില്ലെന്നും ചോദ്യത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല.

സർക്കാരും മന്ത്രിയും ലൈംഗിക കുറ്റകൃത്യങ്ങൾ ഒളിച്ചുവെക്കുകയാണ്. ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തത് നിയമസഭക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

#disgrace #KeralaLegislativeAssembly #Speaker #denied #permission #present #urgent #motion #Hemacommitteereport

Next TV

Top Stories










Entertainment News