ആലപ്പുഴ: (truevisionnews.com) വിസ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം.
യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഏജൻസിയെക്കുറിച്ച് വിവരം ലഭിച്ചത്. വിസ തട്ടിപ്പിനിരയായ തലവടി മാളിയേക്കൽ ശരണ്യ (34)യാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പിൽനിന്നും പലയാളുകളുടെ കൈയിൽനിന്ന് പണം വാങ്ങി ഏജൻസിക്കു കൈമാറിയതായി സൂചന ലഭിച്ചിരുന്നു. തുടർന്ന്, ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ടു ബാങ്കുകളുടെ അക്കൗണ്ടിൽനിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്കു കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്.
കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽനിന്ന് ആറുലക്ഷം രൂപയോളം ഈ എജൻസിക്കു കൈമാറിയിട്ടുണ്ട്. വിദേശജോലി സ്വപ്നംകണ്ട ഒട്ടേറെയാളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്.
ശരണ്യയുടെ വിശ്വാസ്യതയിൽ പണം കൈമാറിയവർ വിസ തട്ടിപ്പെന്നു മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യയ്ക്കു മനസ്സിലായത്.
ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്‌തത് . അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷ്, എടത്വാ എസ്.ഐ. എൻ. രാജേഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം.
#case #woman #committing #suicide #due #visa #fraud #agency #investigating #incident