കൊച്ചി: ( www.truevisionnews.com )സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിന്റെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത്.
രണ്ടാഴ്ചയിലധികമായി കുട്ടികള്‍ ആശുപത്രിയിലാണ്. രോഗ ബാധ പടരാനിടയായ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഇതുവരെ വിഷയത്തെക്കുറിച്ച് ശിശുവകുപ്പ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള ശിശുഭവനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും രോഗം ബാധിക്കുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമായ ആര്‍ എസ് വൈറസ് രോഗത്തിന് മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍.
ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. മഴ, തണുപ്പ് കാലാവസ്ഥകളിലാണ് ഈ വൈറസ് കൂടുതലായി കാണുന്നത്. പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ വൈറസ് ബാധ മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതിവേഗം പടരുന്ന രോഗം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഭേദമാകും.
ആന്റിജന്‍ ടെസ്റ്റ്, മോളിക്യുളാര്‍ ടെസ്റ്റ്, റാപിഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ആര്‍ എസ് വൈറസിന് മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വന്നാല്‍ ശക്തി കുറയും.
കൊവിഡ് കാലത്ത് കുട്ടികള്‍ പുറത്തിറങ്ങാത്തതിനാല്‍ സ്വാഭാവികമായി അവരുടെ രോഗ പ്രതിരോധ ശേഷി കുറയുകയും ഇപ്പോള്‍ പുറത്തിറങ്ങുകയും ചെയ്തതിനാലാകാം രോഗം കൂടുതലായി കാണപ്പെടുന്നതെന്നാണ് ശിശുരോഗ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
#RSvirus #infection #Five #children #hospital #four #month #old #baby #critical #condition