പെരിന്തല്‍മണ്ണ: ( www.truevisionnews.com ) സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേര്‍ കൂടി അറസ്റ്റിലായി. കൊലക്കേസ് പ്രതി ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തില്‍ വിപിന്‍ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീന്‍ (28), താമരശ്ശേരി അടിവാരം പുത്തന്‍വീട്ടില്‍ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശ്ശൂര്‍ മണ്ണൂത്തി കോട്ടിയാട്ടില്‍ സലീഷ് (35), തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍രാജ് എന്ന അപ്പു (37), തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28), പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷ് (46), തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്.
കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.
1.7 കിലോ സ്വര്‍ണവും 500 ഗ്രാം സ്വര്‍ണം വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി സ്ഥലത്തെത്തി പോലീസ് വൈകാതെ ഇവ കണ്ടെടുക്കും. ഇനിയും സ്വര്‍ണം കണ്ടെടുക്കാനുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ കൂള്‍ബാറില്‍ ഒന്നര വര്‍ഷം മുമ്പ് വെള്ളംകുടിക്കാന്‍ കയറിയ താമരശ്ശേരി അടിവാരം സ്വദേശികളായ ഷിഹാബുദ്ദീനും അനസുമാണ് കവര്‍ച്ചയുടെ സാധ്യത ആദ്യം കണ്ടെത്തിയത്.
കെ.എം. ജൂവലറി ഉടമകള്‍ സ്വര്‍ണ്ണവും പണവും എടുത്തുവെക്കുന്നതും പിന്നീട് രണ്ടു ബാഗുകളിലുമായി ഒരു സ്‌കൂട്ടറില്‍ക്കയറി വീട്ടിലേക്ക് പോകുന്നതും അന്ന് ഇവര്‍ കണ്ടിരുന്നു. അന്നുതന്നെ ഉടമകളെ ആക്രമിച്ച് ബാഗുകള്‍ തട്ടിയെടുക്കുന്ന കാര്യം അവര്‍ ചര്‍ച്ചചെയ്‌തെങ്കിലും നല്ല തിരക്കുള്ള സ്ഥലമായതിനാലും ബാഗുമായി എവിടേക്കാണ് പോകുന്നത് എന്നറിയാത്തതിനാലും പിന്നീട് നോക്കാമെന്ന് പറഞ്ഞു പിന്‍തിരിയുകയായിരുന്നു.
അതിനുശേഷം കുറച്ചുദിവസങ്ങള്‍ക്കകം ഷിഹാബുദ്ദീനെ ഒരു മോഷണക്കേസില്‍ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. അങ്ങനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഷിഹാബുദ്ദീന്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന കൂത്തുപറമ്പ് സ്വദേശി വിപിനെ പരിചയപ്പെടുന്നത്.
രണ്ട് മാസം മുമ്പ് ജയിലില്‍നിന്നറങ്ങിയ ഷിഹാബുദ്ദീന്‍ അനസിനൊപ്പം വീണ്ടും പെരിന്തല്‍മണ്ണയിലെത്തി കെ.എം. ജൂവലറി ഉടമകള്‍ വീട്ടിലേക്ക് സ്വര്‍ണം ഇപ്പോഴും കൊണ്ടുപോകാറുണ്ടെന്ന് ഉറപ്പിച്ചു.
തുടര്‍ന്ന് ജയിലിലുള്ള വിപിനെ വിളിച്ച് കവര്‍ച്ച നടത്താന്‍ സഹായം തേടുകയായിരുന്നു. ജയിലില്‍വെച്ച് ഫോണ്‍ ഉപയോഗിക്കുന്ന വിപിനാണ് കൂത്തുപറമ്പിലുള്ള കുഴല്‍പ്പണം തട്ടിപ്പറിക്കല്‍ കേസില്‍ പ്രതിയായ, സുഹൃത്തുകൂടിയായ അനന്തുവിനെ ഫോണില്‍ വിളിച്ച് അവരുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്.
അനന്തു തന്റെ സുഹൃത്തും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശരത്തുമായി ചേര്‍ന്ന് കണ്ണൂരുള്ള അജിത്തിനെയും കൂട്ടി പദ്ധതി തയ്യാറാക്കുകയായിരുന്നു.
അജിത് ഒമാനില്‍ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്തുക്കളായ നിജില്‍ രാജ്, പ്രഭിന്‍ലാല്‍ എന്നിവരെ ബന്ധപ്പെടുകയും അവരോട് നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നാട്ടിലേക്കു വന്ന ഇരുവരുമായിച്ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്ത അജിത് കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കി. നവംബര്‍ 11-നായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും അന്ന് ചില കാരണങ്ങളാല്‍ ഓപ്പറേഷന്‍ നടന്നില്ല.
#Theft #gold #Monitoring #Planning #Coolbar #Kannur #Central #Jail #Two #came #Oman #Nine #more #arrested