പാറക്കടവ് (കൊച്ചി): ( www.truevisionnews.com ) അങ്കമാലി പുളിയനത്ത് ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്.
അപകടത്തിൽ സാരമായി പൊള്ളലേറ്റ ആറു വയസ്സുള്ള ഇളയമകന്‍ ഇന്നലെ വൈകിയിട്ടോടെ ആശുപത്രിയില്‍ ചികിത്സയിലിക്കെ മരിച്ചു. പുളിയനം മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ (42), ഭാര്യ സുമി (35), മകന്‍ ആസ്തിക് എന്നിവരാണ് മരിച്ചത്. മൂത്ത മകന്‍ അശ്വതിനു(11) പൊള്ളലേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. വീടിനുള്ളില്‍ തീയും പുകയും കണ്ട് അയല്‍വാസികളായ യുവാക്കള്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് സനലിനെ കണ്ടത്.
തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ സനലിന്റെ ഭാര്യ സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ഇതിനിടെ മുറിയില്‍നിന്നു പൊള്ളലേറ്റ കുട്ടികള്‍ നിലവിളിച്ചുകൊണ്ടു പുറത്തേക്കുവന്നു.
പാചകവാതക സിലിന്‍ഡറിന്റെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നു. മുറിയില്‍ തീ പടരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വന്ന യുവാക്കള്‍ പൈപ്പുകള്‍ കൊണ്ടുവന്ന് വെള്ളം ചീറ്റിച്ചെങ്കിലും തീ അണയ്ക്കാനായില്ല.
ഇതിനിടെ പൊള്ളലേറ്റ കുട്ടികളെ അയല്‍വാസിയായ യുവാവ് കാറില്‍ കയറ്റി അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആസ്തികിനെ അവിടെനിന്ന് പാലാരിവട്ടം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും കൈയിലും പൊള്ളലേറ്റ അശ്വതിനെ ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.
അങ്കമാലി ഫയര്‍ഫോഴ്‌സ് പുളിയനത്തെ വീട്ടിലെത്തി തീയണച്ചു. അങ്കമാലി പോലീസ് പരിശോധന നടത്തി. കട്ടിലില്‍ മണ്ണെണ്ണ ഒഴിച്ചതായി സൂചനയുണ്ട്. മുറിയില്‍നിന്ന് വിഷം കലര്‍ത്തിയ ഐസ്‌ക്രീമും പോലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉറങ്ങിയ ശേഷം പാചകവാതക സിലിന്‍ഡര്‍ കിടപ്പുമുറിയില്‍ കൊണ്ടുവന്ന് തുറന്ന് തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടുമുറ്റത്തു കിടന്ന ഇവരുടെ കാറില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നോട്ട്ബുക്കില്‍ 16 പേജുകളിലായി എഴുതിയിട്ടുള്ള കുറിപ്പില്‍ കടബാധ്യതയുടെ ലിസ്റ്റുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പ് എഴുതിയതെന്ന് പോലീസ് പറഞ്ഞു.
ഉന്നതപോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സനലിന്റെയും സുമിയുടെയും മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നടത്തി.
സനലും സുമിയും അങ്കമാലി തുറവൂരില്‍ ജനസേവന കേന്ദ്രം നടത്തുകയാണ്. അശ്വത്, ആസ്തിക് എന്നിവര്‍ കാലടി ആശ്രമം സ്‌കൂളിലെ ആറും ഒന്നും ക്ലാസ് വിദ്യാര്‍ഥികളാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കുക: 1056, 0471 2552056)
#Poisoned #ice #cream #gas #cylinder #bedroom #16 #page #suicide #note #country #is #still #shocked