മലപ്പുറം : (truevisionnews.com) കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ച ദുരന്തത്തിന്റെ ചെലവു കണക്കിൽ വ്യക്തത വേണമെന്നും ജനങ്ങൾക്ക് വസ്തുതകൾ അറിയാൻ അവകാശമുണ്ടെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
വലിയ കണക്കുകൾ കാണിച്ചുകൊണ്ട് സർക്കാർ സന്നദ്ധപ്രവർത്തകരെ അപഹസിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ്ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരാണ്.
അതിനൊന്നും ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധപ്രവർത്തകരെ വീണ്ടും ഇങ്ങനെ അപഹസിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്.
അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്.
കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.
#Not #penny #taken #government #mocking #volunteers #PKKunjalikutty