ആഗ്ര: (truevisionnews.com) വിവാഹം കഴിഞ്ഞ് 40 ദിവസത്തിനകം ഭർത്താവിൽനിന്ന് വിവാഹമോചനം തേടിയ യുവതി അതിന് പറഞ്ഞ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് ഉത്തർ പ്രദേശിലെ ആഗ്രയിലെ ഫാമിലി കൗൺസിലിങ് സെന്റർ അധികൃതർ.
ഭർത്താവിന് കുളിക്കാൻ മടിയാണെന്നാണ് നവവധു കാരണമായി പറഞ്ഞിരിക്കുന്നത്.
ഭർത്താവ് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കുന്നുള്ളൂവെന്നും ഇത് കാരണമുള്ള ശരീര ദുർഗന്ധം സഹിക്കാനാവില്ലെന്നും ഇത്രയും മോശം ശുചിത്വം പാലിക്കുന്ന പുരുഷനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമാണ് യുവതി അറിയിച്ചിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ ഭർത്താവ് രാജേഷിനെ ചോദ്യം ചെയ്തപ്പോൾ, മാസം ഒന്നോ രണ്ടോ തവണ കുളിക്കുമെന്നും ആഴ്ചയിലൊരിക്കൽ ശരീരത്തിൽ ഗംഗാജലം തളിക്കുമെന്നുമായിരുന്നു മറുപടി.
എന്നാൽ, വിവാഹ ശേഷം ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി പതിവ് തെറ്റിച്ച് 40 ദിവസത്തിനിടെ ആറുതവണ കുളിച്ചെന്നും അദ്ദേഹം പറയുന്നു.
കുളിക്കാത്തതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പൊലീസുമായുള്ള ചർച്ചക്കൊടുവിൽ ഭർത്താവ് ദിവസവും കുളിക്കാമെന്ന് സമ്മതിച്ചെങ്കിലും യുവതി കൂടെ ജീവിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
പരിഹാരത്തിനായി സെപ്റ്റംബർ 22ന് കൗൺസിലിങ് സെന്ററിൽ വീണ്ടുമെത്താൻ ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.
#Bath #once #twice #month #Newbride #seeks #divorce #husband