കാസർകോട്: (truevisionnews.com)ഫണ്ട് ലഭിക്കാത്തതിനാൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി പ്രതിസന്ധിയിലെന്ന് ആരോപണം. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയാണ് ഫണ്ട് ലഭിക്കാത്തതിനാൽ താളംതെറ്റുന്നത്.

വിദ്യാർഥികളിൽ സാമൂഹികാവബോധവും കായികക്ഷമതയും വളർത്താൻ ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും തുടക്കകാലത്തുള്ള താൽപര്യം ഇപ്പോഴില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
സംസ്ഥാന ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകൾ 2010ലാണ് എസ്.പി.സിക്ക് രൂപംകൊടുത്തത്. ആഭ്യന്തര വകുപ്പാണ് ഫണ്ട് നൽകുന്നത്. എന്നാൽ, അടുത്തകാലത്തായി വിദ്യാർഥികൾക്കുള്ള യൂനിഫോമിനടക്കമുള്ള ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആരോപണം.
രക്ഷിതാക്കൾ ഈയിനത്തിൽ 2500 രൂപ കൊടുക്കേണ്ടിവരുന്നുവെന്നാണ് പരാതി. ഇതിൽ സർക്കാർ നൽകുന്ന 2000 രൂപ പിന്നീട് രക്ഷിതാക്കൾക്ക് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ കിട്ടുമെന്ന് ആർക്കുമറിയില്ല.
തുടക്ക കാലത്ത് സ്കൂളുകളിൽ രണ്ട് പുരുഷൻമാരും ഒരു വനിതയുമടക്കം മൂന്ന് ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പല സ്കൂളുകളിലും ഇൻസ്ട്രക്ടർമാരില്ലെന്നും ആക്ഷേപമുണ്ട്.
ക്രിസ്മസ്, ഓണം, വേനലവധി തുടങ്ങി മൂന്ന് ക്യാമ്പുകളാണ് ഉണ്ടാകാറ്. എന്നാൽ, ഫണ്ടിന്റെ ലഭ്യതക്കുറവ് പലപ്പോഴും ഇത് നടത്താൻ അധ്യാപകർക്ക് താൽപര്യമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു.
നടത്തുകയാണെങ്കിൽതന്നെ അധ്യാപകരും പി.ടി.എയും സഹായിച്ചാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്. മുമ്പ് ഇതിന് നിയോഗിക്കുന്ന ഇൻസ്ട്രക്ടർമാർക്ക് മാസം 500 രൂപ അലവൻസ് ഉണ്ടായിരുന്നു.
അത് മുടങ്ങിയിട്ട് ഏതാനും വർഷമായി. തുടക്കകാലത്ത് വകയിരുത്തിയ അതേ തുകയാണ് ഇപ്പോഴും ബജറ്റിൽ ഇതിനായി നീക്കിവെക്കുന്നതെന്നും അധികൃതർ ആരോപിക്കുന്നുണ്ട്.
വിദ്യാർഥികൾക്ക് വൈകീട്ടുള്ള പരിശീലനം കഴിയുമ്പോൾ ഭക്ഷണം ആവശ്യമാണ്.
അതിപ്പോൾ രക്ഷിതാക്കളുടെ സഹായത്താലാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ കേരളത്തിലെത്തി എസ്.പി.സി പദ്ധതിയെപറ്റി പഠിച്ച്, അവിടങ്ങളിൽ നടപ്പാക്കുമ്പോഴാണ് ഇവിടെ ഫണ്ടില്ലാതെ പദ്ധതി പേരിനുമാത്രമാവുന്നത്.
#Funds #not #available #Student #police #cadet #program #crisis
