മഡ്രിഡ്:(truevisionnews.com)മുൻ ക്ലബ് പി.എസ്.ജിക്കെതിരെ യുവേഫക്ക് പരാതി നൽകി ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ.
മൂന്നു മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടാണ് താരം യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനെ സമീപിച്ചത്. പി.എസ്.ജിയുമായുള്ള ഏഴു വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഈ സമ്മറിലാണ് സൗജന്യ ട്രാൻസ്ഫറിൽ ഫ്രഞ്ച് താരം തന്‍റെ സ്വപ്ന ക്ലബായ റയൽ മഡ്രിഡിലേക്ക് പോയത്.
അരങ്ങേറ്റ മത്സരത്തിൽ വലകുലുക്കി റയലിലെ തുടക്കം കളറാക്കാനും കിരീട നേട്ടത്തോടെ ആരംഭിക്കാനും താരത്തിനായി. യുവേഫ സൂപ്പർ കപ്പ് കിരീടത്തിലും മുത്തമിട്ടു.
എന്നാൽ, സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല. മയ്യോർക്കയാണ് റയലിനെ 1-1ന് സമനിലയിൽ തളച്ചത്.
പി.എസ്.ജിയോട് യാത്ര പറഞ്ഞിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും താരത്തിന് ശമ്പള കുടിശ്ശികയായി ക്ലബ് 511.40 കോടി രൂപ നൽകാനുണ്ട്.
പി.എസ്.ജിയുടെ പ്രധാന ഓഹരി ഉടമയായ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റിനെതിരെയാണ് താരം യുവേഫക്ക് പരാതി നൽകിയത്.
ഫെബ്രുവരിയിൽ ലഭിക്കേണ്ട സൈനിങ് ബോണസിന്‍റെ (334.85 കോടി) അവസാനത്തെ മൂന്നിലൊന്ന് തുകയും അവസാന മൂന്ന് മാസത്തെ വേതനവും (ഏപ്രിൽ, മെയ്, ജൂൺ) ഉൾപ്പെടെയാണ് 511.40 കോടി രൂപ കുടിശ്ശികയുള്ളത്.
ജൂൺ പകുതിയോടെ എംബാപ്പെയുടെ അഭിഭാഷകർ പി.എസ്.ജിക്ക് നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിക്കാതെ വന്നതോടെയാണ് താരം നിയമത്തിന്‍റെ വഴി തെരഞ്ഞെടുത്തത്.
ഫ്രഞ്ച് പ്രഫഷനൽ ഫുട്ബാൾ ലീഗ് (എൽ.എഫ്.പി) നിയമ കമ്മിറ്റിക്കും താരം പരാതി നൽകിയിട്ടുണ്ട്. കരാറിലുള്ള താരങ്ങൾക്ക് ക്ലബ് മാസത്തിന്‍റെ അവസാന ദിവസം കൃത്യമായി ശമ്പളം നൽകണമെന്നാണ് നിയമം.
ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ വഴിയാണ് യുവേഫക്ക് പരാതി കൈമാറിയത്. പി.എസ്.ജിയുടെ എക്കാലത്തെയും ടോപ് സ്കോറർ എന്ന നേട്ടവുമായാണ് താരം ക്ലബ് വിട്ടത്.
#kylianmbappe #files #55 #million #euros #complaint #against