ന്യൂഡൽഹി: (truevisionnews.com) ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളാൽ നെയ്തെടുത്ത സുരക്ഷാ കവചമാണു സ്വാതന്ത്ര്യമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ടു എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യം എന്നതു കേവലം ഒരു വാക്കല്ലെന്ന് അദ്ദേഹം പറഞ്ഞത്.
‘‘എല്ലാവർക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതു വെറുമൊരു വാക്കല്ല. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ചേർന്ന നമ്മുടെ ഏറ്റവും വലിയ സുരക്ഷാകവചമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കരുത്താണ്. സത്യം പറയാനുള്ള കഴിവും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രത്യാശയുമാണ്. ’’ രാഹുൽ ഗാന്ധി പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും ഏറ്റവും വലിയ സുരക്ഷാ കവചമാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പറഞ്ഞു. അവസാന ശ്വാസം വരെ അതു കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യ ദിനാശംസയിൽ കൂട്ടിച്ചേർത്തു.
‘‘പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഓക്സിജനാണ്. അത് സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നിലപാടുകൾ പരിശോധിക്കുന്നു. സർക്കാർ ഭരണഘടനാപരവും സ്വയം ഭരണാവകാശമുള്ളതുമായ സ്ഥാപനങ്ങളെ കളിപ്പാവകളാക്കി.
രാജ്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി എന്തു ത്യാഗത്തിനും കോൺഗ്രസ് പ്രവർത്തകർ തയാറാണ്. അതാണ് പൂർവികർക്കുള്ള യഥാർഥ ശ്രദ്ധാഞ്ജലി’’– ഖർഗെ എക്സിൽ കുറിച്ചു.
സ്വാതന്ത്ര്യവും ജനാധിപത്യവും നീതിയും തുല്യതയും ദേശീയ ഐക്യവുമാണു ഭരണഘടനയുടെ അടിസ്ഥാനമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്.
അവ സംരക്ഷിക്കുകയാണു രാജ്യത്തോടുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമെന്നും അവർ കൂട്ടിച്ചേർത്തു.
#Freedom #not #just #word #our #security #shield #RahulGandhi