പുത്തുമല: ( www.truevisionnews.com ) ‘അസ്ഥിരമല്ലോ ഭുവനുവുമതിലെ, ജഡികാശകളും നീർപ്പോളകൾ പോലും, എല്ലാമെല്ലാം മാഞ്ഞടിയുന്നു’ എന്ന് വൈദികൻ പാടിയപ്പോൾ അവിടെ കണ്ണീരൊഴുക്കാൻ ആരുമുണ്ടായില്ല.
വയനാട്ടിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമിയിൽ നിരത്തിക്കുത്തിയ കൂട്ടക്കുഴിമാടത്തിൽനിന്നു രണ്ടു ദിവസമായി മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകളാണ് ഉയരുന്നത്.
മരിച്ചുകിടക്കുന്നത് ആരെന്നോ അവർക്കുവേണ്ടി കരയേണ്ടവർ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാത്ത അവസ്ഥ. ഇവിടെ കുഴിമാടങ്ങൾക്കും മൃതദേഹങ്ങൾക്കും പേരില്ല, അവർ അക്കങ്ങളിൽ രേഖപ്പെട്ടിരിക്കുന്നു. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ കണ്ടെത്തുന്നതിനാണ് നമ്പർ ഇടുന്നത്.
തിരിച്ചറിയാത്ത 8 മൃതദേഹങ്ങൾ ഞായറാഴ്ച അടക്കിയിരുന്നു. തിങ്കളാഴ്ച 27 പേരെയും. തൊട്ടടുത്ത കുഴികളിൽ അടക്കം ചെയ്തത് അച്ഛനെയും മകനെയും ആകാം. അമ്മയെയും മകളെയും ആകാം.
സുഹൃത്തുക്കളെയാകാം, സഹോദരങ്ങളെയാകാം. മരിച്ചതാരെന്നു പോലും അറിയാൻ സാധിക്കാത്തവിധം ഉരുൾക്കലി, ഒരു കട്ടിലിൽ കിടന്നുറങ്ങിയവരെപ്പോലും ചിതറിച്ചുകളഞ്ഞു.
അവരെയെല്ലാം പലയിടത്തുനിന്നായി പെറുക്കിക്കൂട്ടി ഒരിടത്ത് അടക്കം ചെയ്യുകയാണ്. 2019ൽ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിച്ച പുത്തുമലയിലാണു കൂട്ടക്കുഴിമാടങ്ങൾ. 200 കുഴിമാടങ്ങളാണ് തയാറാക്കിയത്.
27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നു സംസ്കരിക്കും. സർവമത പ്രാർഥനയോടെയാണു ചടങ്ങുകൾ. മഴയ്ക്കിടയിലും വലിയ ആൾക്കൂട്ടവും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി. കുഴികളിൽ വെള്ളം വീഴാതിരിക്കാൻ സന്നദ്ധ പ്രവർത്തകർ ടാർപോളിൻ പിടിച്ചു.
മരിച്ചതാരെന്ന് അറിയില്ലെങ്കിലും ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പ്രിയപ്പെട്ടവർക്കായി ആൾക്കൂട്ടം പ്രാർഥിച്ചു. ജീവനോടെ ബാക്കിയായവർ ഉപേക്ഷിച്ചുപോയ ഒരു പ്രദേശം മറ്റൊരു ദുരന്തത്തിന്റെ ഇരകളുടെ കുഴിമാടങ്ങളായി.
‘Look for something positive in each day. Even if some days you have to look a little harder’. ചൂരൽമലയിലെ തകർന്ന കടമുറിയുടെ ഭിത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇത്. ചൂരൽമലയിലും മുണ്ടക്കൈയിലും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ആരോ എപ്പോഴോ കുറിച്ചിട്ട വരികൾ.
#wayanad #landslide #group #cremation #unidentified #deadbodies