കല്‍പ്പറ്റ: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് പ്രദേശവാസികൾ. തങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യും.
തങ്ങളുടെ ആളുകള്‍ തിരിച്ചുവരുമ്പോള്‍ നാട് വേണ്ടേയെന്നും ചൂരല്‍ മലയിലെ മാലിന്യങ്ങള്‍ ശേഖരിച്ചുവരികയായിരുന്ന സ്ത്രീകൾ പറഞ്ഞു.
'ഞങ്ങള്‍ക്ക് കരയാനോ ഒന്നിനുമുള്ള മനസ് ഇപ്പോള്‍ ഇല്ല. മനസെല്ലാം കട്ടിയായിപ്പോയെന്നും സ്ത്രീകൾ പറഞ്ഞു. ഞങ്ങളുടെ വേണ്ടപ്പെട്ടവരാണ് പോയിരിക്കുന്നത്. പഠിച്ചുവളര്‍ന്ന സ്‌കൂളാണ് പോയിരിക്കുന്നത്. ഇതെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണ്'- അവർ പറഞ്ഞു.
ചൂരല്‍ മലയിലെ മാലിന്യങ്ങള്‍ ശേഖരിച്ചുവരികയായിരുന്ന സ്ത്രീകൾ പറയുന്നു:
ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന ആളുകളാണ് ഞങ്ങള്‍. ഈ സ്‌കൂളില്‍ പഠിച്ചവരാണ്. മരിച്ചവരും പോയവരും വന്നവരും ചൂരല്‍മല, അട്ടമല, പുത്തുമലയിലുള്ള എല്ലാവരേയും അറിയാം.
എല്ലാവരുമായി ബന്ധമുള്ള ആളുകളാണ് ഞങ്ങള്‍. ജോലിക്ക് വേണ്ടി വന്ന ബംഗാളികളെ അല്ലാതെ ഇവിടെയുള്ള എല്ലാവരെയും അറിയാം. ബന്ധുക്കളും പോയിട്ടുണ്ട്.
ഇപ്പോള്‍ അറിയുന്ന മുഖങ്ങള്‍ കാണാനില്ല. പുറത്തു നിന്ന് വന്നവരെ മാത്രമേ അറിയാത്തതായിട്ടുള്ളൂ. ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യും.
ഞങ്ങടെ ആളുകള്‍ തിരിച്ചുവരുമ്പോള്‍ നാട് വേണ്ടേ. ഇപ്പോഴുള്ളത് അവസാനിക്കുമ്പോള്‍ എല്ലാവരും പോകും. അവര്‍ ഇങ്ങോട്ട് തന്നെ വരും. ഞങ്ങളും കുടുംബവും സുരക്ഷിതരാണ്.
ആദ്യം ഉരുള്‍പൊട്ടിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഈ നാട്ടിലുള്ളവര്‍ തന്നെയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടാമത്തെ ഉരുള്‍പൊട്ടലിന്റെ സാധ്യത കണ്ട് ഇവിടെ നിന്ന് മാറുകയായിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന് വന്നവരില്‍ കുറച്ചുപേര്‍ രണ്ടാമത്തെ പൊട്ടലില്‍ പോയി. ഞങ്ങള്‍ ഓടി രക്ഷപ്പെട്ടതാണ്. കഴിഞ്ഞ പുത്തുമല ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.
മകന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ്. വാര്‍ത്തയറിഞ്ഞാണ് മകന്‍ എത്തിയത്. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പോയിരിക്കുകയാണ്.
ഇനി എന്ത് എന്ന ചോദ്യം മാത്രമേ ഞങ്ങളുടെ മുന്നില്‍ ഉള്ളൂ. വേറെ ഒന്നും ഞങ്ങളുടെ മുന്നില്‍ ഇല്ല. ഞങ്ങള്‍ കരയാനോ ഒന്നിനുമുള്ള മനസ് ഇപ്പോള്‍ ഇല്ല.
മനസെല്ലാം കട്ടിയായി. ഇത് നാലാമത്തെ ഉരുള്‍പൊട്ടലാണ്. 80കളില്‍ ഉരുള്‍പൊട്ടിയതായി കേട്ടിട്ടുണ്ട്. ഞങ്ങള്‍ ചെറുപ്പമാണ് അപ്പോള്‍. അന്ന് വലിയ അപകടം ഉണ്ടായിരുന്നില്ല.
രണ്ടാമത്തേത് പുത്തുമല, മൂന്നാമത്തേത് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി രണ്ട് വീടൊക്കെ പോയിട്ടുണ്ട്. ആളപായം ഉണ്ടായിരുന്നില്ല. ഇത് സഹിക്കാവുന്നതിലപ്പുറമാണ്.
നിര്‍ബന്ധമായും ഒഴിപ്പിക്കുകയായിരുന്നുവെങ്കിൽ ജനങ്ങള്‍ ഒഴിയുമായിരുന്നു. വില്ലേജില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ മുന്നറിയിപ്പുണ്ടായിരുന്നില്ല.
വെള്ളരി മല വില്ലേജില്‍ കനത്ത മഴ തന്നെയായിരുന്നു. ഇപ്പോൾ ഇവിടുത്തെ മാലിന്യങ്ങള്‍ മാറ്റുകയാണ്. കുറച്ച് നേരം കുറച്ച് പൊലീസുകാരും ആള്‍ക്കാരും ഉണ്ടായിരുന്നു.
പൊലീസുകാര്‍ രാവിലെ ഒരു വണ്ടി മാലിന്യം നീക്കിത്തന്നു. കുറച്ച് ആളുകളുടെ ഡോക്യുമെന്റ് സാധനങ്ങള്‍ ലഭിച്ചു. അത് അവിടെ ഏല്‍പ്പിച്ചിട്ടുണ്ട്.
#Residents #Wayanad #collected #garbage #from #landslide #affected #areas.