മേപ്പാടി: (truevisionnews.com) കോളേജിൽ ഒന്നിച്ചു പഠിക്കുന്ന ഉറ്റചങ്ങാതിമാർ... ഒരേ മുറിയിൽ താമസം. അങ്ങനെയുള്ള കൂട്ടുകാരന്റെ നാടുകാണാൻ ആദ്യമായി മുണ്ടക്കൈയിൽ എത്തിയതായിരുന്നു ശ്രീഹരി.
എന്നാൽ, സാക്ഷിയാവേണ്ടിവന്നത് കേരളംകണ്ട ഏറ്റവും വലിയ ദുരന്തത്തിന്. ഒഴുകിപ്പോയ ശ്രീഹരി അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും കൂട്ടുകാരൻ ശരണിനെയും അഞ്ചംഗ കുടുംബത്തെയുംകുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.
വയനാട് കോളേരി തറവെളിയിൽ ശ്രീജിത്തിന്റെയും ഷീജയുടെയും മകൻ ശ്രീഹരിയും ശരണും കോഴിക്കോട് നടക്കാവിലാണ് ഏവിയേഷൻ കോഴ്‌സ് പഠിക്കുന്നത്.
ശരണിന്റെ അമ്മ വിളിച്ചിട്ടാണ് മുണ്ടക്കൈ എന്ന മനോഹരഗ്രാമം കാണാൻ ശ്രീഹരി ചെന്നത്. ശനിയാഴ്ച വൈകീട്ടെത്തി. പ്രകൃതിഭംഗി തുളുമ്പുന്ന ഗ്രാമത്തിന്റെ ചിത്രങ്ങളെടുത്ത് ശ്രീഹരി അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. തിങ്കളാഴ്ച രാത്രി ശരണിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.
ഈ മഴയാണെങ്കിൽ ചൊവ്വാഴ്ച രാവിലെത്തന്നെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറാമെന്ന് ശരണിന്റെ അച്ഛൻ പറയുകയുംചെയ്തു. ഉറങ്ങാൻകിടന്നശേഷമാണ് എല്ലാം തകർത്തെറിഞ്ഞ് മലവെള്ളം പാഞ്ഞെത്തിയത്.
ഒഴുകിപ്പോയ ശ്രീഹരിക്ക് ഒരു വടിയിൽ പിടിത്തംകിട്ടി. അതിൽ പിടിച്ച് കിടന്നു. ഒഴുകിയെത്തിയത് തകരാതെനിന്ന തേയില ഫാക്ടറി കെട്ടിടത്തിനരികെ. വടി കുത്തിയും തുഴഞ്ഞും ആ കെട്ടിടത്തിലേക്ക് കയറിയെങ്കിലും അതിനകത്തെല്ലാം വെള്ളം നിറഞ്ഞിരുന്നു. വടി കുത്തിച്ചാരി അതിനുമുകളിൽ കയറി രണ്ട് ഓട് ഇളക്കിമാറ്റി.
പട്ടികയിൽ പിടിച്ച് കയറി കെട്ടിടത്തിന്റെ മേൽപ്പുരയുടെ മുകളിൽ കയറിനിന്നു. സഹായത്തിന് വിളിച്ചെങ്കിലും ആരും കേട്ടില്ല. വീണ്ടുമുണ്ടായ ഉരുൾപൊട്ടൽ കെട്ടിടത്തിനുമുകളിലിരുന്ന് ശ്രീഹരി കാണുന്നുണ്ടായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകരെത്തി രക്ഷിച്ചെങ്കിലും മുണ്ടക്കൈ ഒറ്റപ്പെട്ടതിനാൽ പുറത്തെത്താനായില്ല.
ദേഹമാസകലം മുറിവും ചതവുമായി ചൊവ്വാഴ്ച വൈകീട്ടുവരെ അവിടെ കഴിച്ചുകൂട്ടി. ഇതിനിടെ ആരുടെയോ ഫോൺ വാങ്ങി, താൻ സുരക്ഷിതനാണെന്നുമാത്രം ശ്രീഹരി അമ്മയെ അറിയിച്ചു. വൈകീട്ട് താത്കാലികപാലം ഉണ്ടാക്കിയശേഷമാണ് ശ്രീഹരിയുൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
അപ്പോഴേക്കും അവനെയും കാത്ത് അച്ഛനും അമ്മയും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയിരുന്നു. ശരണിനൊപ്പം അച്ഛൻ, അമ്മ, ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ, കുഞ്ഞ് എന്നിവരെയാണ് കാണാതായത്.
#best #friends #who #studied #together #Friends #family #disappeared #leaving #Srihari #who #came #visit #country #alone