തിരുവനന്തപുരം: (truevisionnews.com) എസ്എഫ്ഐ ഭാരവാഹിത്വത്തിനുള്ള പ്രായപരിധി മാനദണ്ഡം എടുത്ത് കളയാൻ തീരുമാനിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം.
സംഘടന നിരന്തരം വിവാദത്തിൽ ചാടുന്നത് കണക്കിലെടുത്താണ് എസ്എഫ്ഐ ഭാരവാഹിത്വത്തിനുളള പ്രായപരിധി മാനദണ്ഡം എടുത്തുകളയാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്, പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പ് തുടങ്ങി അടുത്ത കാലത്ത് എസ്എഫ്ഐ നേതൃത്വം ഉൾപ്പെട്ട വിവാദങ്ങളാണ് പ്രായപരിധി വ്യവസ്ഥ എടുത്തുകളയാൻ കാരണം.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐഎം സംസ്ഥാന സമിതിയിലെ ചർച്ചയിൽ എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാന ചർച്ചയായിരുന്നു.
സിപിഐഎമ്മിൻ്റെ പ്രതിച്ഛായയെപ്പോലും ബാധിക്കുന്ന നിലയിലേയ്ക്ക് എസ്എഫ്ഐ പ്രതിക്കൂട്ടിലായ വിവാദങ്ങൾ എത്തിയിരുന്നു.
പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കിയതോടെ പക്വതയില്ലാത്ത നേതൃത്വമാണ് എസ്എഫ്ഐയെ നയിക്കുന്നതെന്ന അഭിപ്രായം സിപിഐഎം സംസ്ഥാന സമിതിയിൽ ഉയർന്നുവന്നു.
എസ്എഫ്ഐ ഓരോ ദിവസവും വിവാദങ്ങളിൽ വീഴാൻ കാരണം അതാണെന്നും പാർട്ടി സംസ്ഥാന സമിതിയിലെ ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണം അടക്കമുളള സംഭവങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു നേതാക്കൾ വിദ്യാർഥി സംഘടനക്കെതിരായ വിമർശനം ഉന്നയിച്ചത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പ്രതികരണങ്ങൾക്കെതിരെയും വിമർശനമുണ്ടായി.എസ്എഫ്ഐയുടെ മുൻകാല നേതാക്കൾ അടക്കം ഉൾപ്പെടുന്ന സംസ്ഥാന സമിതിയിലെ വിമർശനങ്ങളാണ് 25 വയസ്സ് പ്രായപരിധി മാനദണ്ഡം എടുത്തുകളയാൻ പ്രേരണയായത്.
കമ്മ്യൂണിസ്റ്റ് പൈതൃകത്തിന് തന്നെ ചേരാത്ത വിവാദങ്ങളിലാണ് അടുത്തകാലത്തായി എസ്എഫ്ഐ പെടുന്നതെന്നും വിലയിരുത്തലുകളുണ്ടായി.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്, പൊലീസ് നിയമനത്തിനുളള പിഎസ്‌സി പരീക്ഷയിലെ അട്ടിമറി, പാലക്കാട് കോളജിൽ പ്രിൻസിപ്പലിന് ചിത ഒരുക്കിയത്, കൊയിലാണ്ടിയിൽ പ്രിൻസിപ്പലിനെ മർദ്ദിച്ചത്, വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങി എസ്എഫ്ഐ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്.
പക്വതയുളള നേതൃത്വം വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം അന്ത്യം കുറിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രായപരിധി വ്യവസ്ഥ എടുത്തുകളയുന്നത്.
#SFI #longer #age #limit #office #bearers #CPIM #decision # emove #criteria