പയ്യന്നൂർ: (truevisionnews.com)ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു ലോഡ് കമ്പി ഇറക്കിയത് ദേശീയപാത നിർമാണ കമ്പനിക്കാർ മറന്നുപോയതുമൂലം പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമായി.
കിണറുകളിലെ വെള്ളം മലിനമായ പരാതിയുമായി ചെന്നപ്പോഴാണ് 2 വർഷം മുൻപ് ഇറക്കിയ കമ്പിയെക്കുറിച്ച് അവർ ഓർത്തത്. വെള്ളൂർ പാലത്തര പുതിയ ഹൈവേക്ക് സമീപം ഇറക്കിയ ഒരു ലോഡ് കമ്പിയാണ് കാട് മൂടി തുരുമ്പെടുത്തത്.
ഈ തുരുമ്പ് വെള്ളത്തിൽ കലർന്ന് സമീപത്തെ എം.ടി.പി.ഫാത്തിമയുടെ രണ്ട് കിണറുകളിലേക്ക് പടർന്ന് കിണർ വെള്ളം മലിനമായി.
കിണറിലെ വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയും ഇരുമ്പ് കറ കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ പരാതിയുമായി നിർമാണ കരാറുകാർക്ക് മുന്നിലെത്തിയത്.
സ്ഥലത്തെ കാട് നീക്കം ചെയ്തപ്പോഴാണ് കമ്പി തുരുമ്പെടുത്ത് കിടക്കുന്നത് കണ്ടത്.
നാട്ടുകാർ പലപ്പോഴായി ഇവിടെയുള്ള കമ്പി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾ മാറിമാറി വരുന്നതിനാൽ നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല.
സമീപവീടുകളിലെ കിണറുകളിലേക്കും തുരുമ്പ് ഒഴുകി എത്താൻ തുടങ്ങി. കമ്പി നീക്കം ചെയ്ത് കിണർ ശുദ്ധീകരിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം ദേശീയപാത അധികൃതർ ഓവുചാൽ നിർമിച്ചതിലെ അപാകത മൂലം പാലത്തര ബദർ പള്ളിക്ക് സമീപം റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
#highway #construction #company #forgot #about #the #wire #laid #the #wells #were #contaminated