തിരുവല്ല: (truevisionnews.com) പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരൻ രംഗത്ത്.
സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം. പീഡനത്തിന് ഇരയായ യുവതിയുടെ കുഞ്ഞിൻറെ പിതൃത്വം ഏറ്റെടുക്കുവാൻ സജിമോൻ തയ്യാറാകാത്തതിന് എതിരെയും പ്രതിയെ അമിതമായി പിന്തുണയ്ക്കുന്ന സി.പി.എം ഏരിയ കമ്മിറ്റിയുടെ നടപടിക്കും എതിരെയാണ് യുവതിയുടെ സഹോദരൻ വിമർശനം ഉയർത്തുന്നത്.
യുവതിക്ക് പരാതി ഇല്ലെന്ന വാദം ശരിയല്ല. കുഞ്ഞിന്റെ പിതൃത്വത്തെ സജിമോൻ തള്ളിപ്പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കേസിൽ നിന്നും പിന്നോട്ട് പോകില്ല.
സി.പി.എം നേതൃത്വത്തെ സമീപിക്കും. ഒപ്പം നിയമ നടപടികളും സ്വീകരിക്കും. കേസിന്റെ തുടക്കം മുതൽ പാർട്ടി നേതൃത്വം സജിമോനൊപ്പമാണ് എന്നും യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയെ പാർട്ടി ഓഫിസിൽ നേതൃത്വം രണ്ടുമാസക്കാലം ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ വധഭീഷണി മുഴക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവതിക്ക് പരാതിയില്ല എന്ന് സജിമോൻ ഞായറാഴ്ച മാധ്യമങ്ങൾക്ക് മുൻപാകെ പ്രതികരിച്ചതിന് പിന്നാലെയാണ് സഹോദരൻ പരസ്യ നിലപാട് സ്വീകരിച്ചത്.
യുവതിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലും സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ കാറിൽ കയറ്റി കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലും പരിശോധന വേളയിൽ ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്.
കേസുകളെ തുടർന്ന് ആദ്യം സസ്പെൻഷനിലായ സജിമോനെ കഴിഞ്ഞ ഡിസംബറിൽ പാർട്ടി പുറത്താക്കിയിരുന്നു. കൺട്രോൾ കമ്മീഷനു നൽകിയ പരാതിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത്.
#victim's #brother #not #back #down #from #case #victim's #brother #against #accused #CPM #leader