Jun 29, 2024 10:10 PM

കോഴിക്കോട്: (www.truevisionnews.com)കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.


തുരങ്കപാത യാഥാർഥ്യമായാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ കാർഷിക, വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവും.

കൊടുവള്ളി മേഖലയുടെ മുഖച്ഛായ മാറും. 2043.70 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടുള്ളത്. ഈ സർക്കാർ നിലവിൽ വന്ന ശേഷം കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒൻപത് (44 കിലോമീറ്റർ) റോഡുകൾ ബിഎം & ബിസി (ബിറ്റുമിൻ മക്കാടം & ബിറ്റുമിൻ കോൺക്രീറ്റ്) നിലവാരത്തിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.

ഇതിനായി 25 കോടി രൂപയാണ് അധികമായി ചെലവഴിച്ചത്. ബിഎം & ബിസി രീതിയിൽ റോഡ് നിർമിച്ചാൽ ആറേഴ് വർഷത്തേക്ക് അറ്റകുറ്റപ്പണി നടത്തേണ്ടതില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നിർമ്മാണ രീതിയാണ് ബിഎം & ബിസി. എന്നാൽ ഒരു കിലോമീറ്റർ നിർമ്മിക്കാൻ 50 ലക്ഷം രൂപ അധികം ചെലവഴിക്കണം.

ഇങ്ങനെ അധികം തുക ചെലവഴിക്കുന്നത് റോഡ് ദീർഘകാലം ഈടുനിൽക്കും എന്നതിനാലാണെന്ന് മന്ത്രി വ്യക്തമാക്കി. പക്ഷെ, ഇങ്ങനെ നിർമിക്കുന്ന റോഡുകൾ ജലജീവൻ പോലുള്ള പദ്ധതികൾക്കായി കീറിമുറിച്ചശേഷം അറ്റകുറ്റപ്പണി നടത്താത്ത സ്ഥിതി ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ (3.2 കിലോമീറ്റർ) ബിഎം & ബിസി രീതിയിലാണ് നിർമിച്ചിട്ടുള്ളത്. എം കെ മുനീർ എംഎൽഎ അധ്യക്ഷനായി.

പി ടി എ റഹീം എംഎൽഎ മുഖ്യാത്ഥിയായിരുന്നു. നഗരസഭാ ചെയർമാൻ വെളളറ അബ്ദു, മുൻ എംഎൽഎ കാരാട്ട്‌ റസാഖ്‌, ഓമശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗംഗാധരൻ, മാതോലത്ത്‌ ആയിഷ അബ്ദുളള, കെ ബാബു, എ പി മജീദ്‌, പി ബിജു, കെ കെ അബ്ദുളള എന്നിവർ സംസാരിച്ചു.

ഡിവിഷൻ കൗൺസിലർ വായോളി മുഹമ്മദ്‌ സ്വാഗതവും എഇ വി കെ ഹാഷിം നന്ദിയും പറഞ്ഞു.

#Kozhikode #Wayanad #tunnel #technical #bid #inspection #started #Minister #MuhammadRiaz

Next TV

Top Stories