പന്തളം (പത്തനംതിട്ട): ( www.truevisionnews.com )ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തേത്തുടര്‍ന്ന് സി.പി.എം. നേതൃത്വത്തേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ സന്ദേശമിട്ടെന്ന് ആരോപിച്ച് സി.പി.എം. പന്തളം ഏരിയ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തി. പത്തനംതിട്ട മൂന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍കൂടിയായ ബി. ബിന്നിയെയാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കിയത്. ഇദ്ദേഹം ഇനി ബ്രാഞ്ച് കമ്മിറ്റി അംഗമായി തുടരും.
എന്നാല്‍, ബിന്നിയെ സ്ഥാനത്തുനിന്ന് മാറ്റിയതല്ലെന്നും കോടതിയില്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്നതിനാൽ ഔദ്യോഗിക പദവിയും തിരക്കുകളും കണക്കിലെടുത്ത് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുക മാത്രമാണുണ്ടായതെന്നും സി.പി.എം. ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ പറഞ്ഞു.
പാര്‍ട്ടിയെ വിമര്‍ശിച്ചുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിന്നിയുടെ ഔദ്യോഗിക തിരക്കുകള്‍ കഴിയുന്ന മുറയ്ക്ക് അദ്ദേഹം പഴയ സ്ഥാനത്തേക്ക് തിരികെവരുമെന്നും അദ്ദേഹം പറഞ്ഞു.
വാട്സ് ആപ് ഗ്രൂപ്പില്‍ സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെയായിരുന്നു നേതാവിന്റെ വിമര്‍ശനം. ഇനി അഭിപ്രായം പറയാതിരിക്കാനാവില്ലെന്നും പറയാതിരുന്നാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്നും പറഞ്ഞാണ് ശബ്ദസന്ദേശത്തിന്‍റെ തുടക്കം. യു.എസ്.എസ്.ആര്‍ എന്ന സംവിധാനത്തെ തകര്‍ത്തു തരിപ്പണമാക്കിയത് ഗോര്‍ബച്ചേവെന്ന ഒറ്റ വ്യക്തിയാണ്.
ഈ കൊച്ചുകേരളത്തിലും സമാനമായ രീതിയാണോ എന്നു നാം പുനര്‍വിചിന്തനം നടത്തുന്നത് നല്ലതായിരിക്കും. എവിടെയാണ് ഏകാധിപത്യ രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ടുള്ളത് അവിടെയെല്ലാം പാര്‍ട്ടി തകര്‍ന്നിട്ടുണ്ട്. ഇതിന് അനവധി ഉദാഹരണങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുള്ളതാണ്.
മുട്ടിടിച്ചും മുട്ടുമടക്കിയും നില്‍ക്കുന്ന രീതി ശരിയാവില്ല. ബോധപൂര്‍വമാണ് ഇത് പറയുന്നത്. ആര് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ഏകാധിപത്യരീതി മാറ്റി, ജനാധിപത്യരീതിയിലേക്ക് വന്നാല്‍ ഇനിയും സാധ്യതകളുണ്ട്.
അതല്ല, ഈ രീതിയാണ് തുടരുന്നതെങ്കില്‍ മുന്‍പോട്ട് പോകാനാവില്ല. തെറ്റ് ചൂണ്ടിക്കാണിച്ച് തിരുത്തുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പറയുന്നത് തെറ്റാണെന്ന് തോന്നിയാല്‍ നേതൃത്വത്തിനു അതിനനുസരിച്ചുള്ള നടപടിക്രമങ്ങളുമായി മുന്‍പോട്ട് പോകാം ഇത്രയും പറഞ്ഞാണ് ശബ്ദരേഖ അവസാനിക്കുന്നത്.
#action #taken #against #ac #member #over #alleged #whatsapp #voice #message #criticising #leadership