ഇടുക്കി: ( www.truevisionnews.com ) കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശമുണ്ടായി. പത്തനംതിട്ട നാറാണംമൂഴി കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. കുരുമ്പന്‍മൂഴി നിവാസികൾക്ക് പമ്പയാറിന് കുറുകെ മറുകര എത്താനുള്ള മാർഗമാണ് കോസ് വേ. ഇതോടെ മറുകരയിലെത്താനുള്ളവര്‍ ദുരിതത്തിലായി.

കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. ലോട്ടറി വില്പനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. രാജുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.
കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപം കാറിലേക്ക് മരം വീണു. യാത്രക്കാർക്ക് പരിക്കില്ല. റെയിൽവേ ഗേറ്റിൽ നിർത്തിയിട്ട കാറിലേക്കാണ് മരം വീണത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായത്.
ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മുളംകൂട്ടം മുറിച്ചുമാറ്റാൻ ശ്രമം തുടരുകയാണ്. രണ്ട് വശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.
കോഴിക്കോട് വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്നു. കെട്ടിടം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. സമീപത്തായി പുതിയ കെട്ടിടം പണി പണിതിട്ടുണ്ടെങ്കിലും പ്രവർത്തന തുടങ്ങിയിട്ടില്ല.മേഖലയിൽ ശക്തമായ മഴയുണ്ട്.
മൂന്നാറിൽ മണ്ണിടിഞ്ഞ് 38കാരി മരിച്ചു
മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ ഭാര്യ മാല (38)യാണ് മരിച്ചത്. മണ്ണിനിടയില്‍ കുടുങ്ങിയ മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മൂന്നാർ ഹെഡ് വർക്ക്സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
എറണാകുളത്തെ മലയോര മേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന് (25 ചൊവ്വ) രാത്രി 7 മുതൽ നാളെ(ബുധൻ) രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
#heavy #rain #state #one #person #injured #after #tree #fell #kollam #night #travel #hilly #area #ernakulam #restricted
