ചവറ: ( www.truevisionnews.com) ഷാർജയിൽ മലയാളി യുവതിയായ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി ബന്ധു രവീന്ദ്രൻ പിള്ള. സതീഷ് മദ്യപാനിയായിരുന്നെന്നും നിരന്തരം അവളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞതെന്നും ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും ബന്ധു വ്യക്തമാക്കി .
‘‘ ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.
.gif)

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു.
എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’’– രവീന്ദ്രൻ പറഞ്ഞു. സ്വന്തം വീട്ടുകാരുമായും സതീഷ് അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Relatives make serious allegations against husband Satish in the case of a Malayali woman Atulya found dead in Sharjah
