സെന്റ് വിന്‍സെന്റ്: (truevisionnews.com) ത്രില്ലര്‍ പോരില്‍ ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍.
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി.
സെമിയില്‍ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി. 116 റണ്‍സ് വിജയലക്ഷ്യാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്.
എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി.
12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു.
എന്നാല്‍ അഫ്ഗാന്‍ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം.
തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി.
തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.
അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടുള്ള പ്രതീക്ഷ ലിറ്റണ്‍ ദാസില്‍ (49 പന്തില്‍ പുറത്താവാതെ 54) മാത്രമായിരുന്നു.
എന്നാല്‍ തസ്‌നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീര്‍ന്നു. കൂടെ ഓസ്‌ട്രേലിയയും.
നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് പതിഞ്ഞ തുടക്കമായിരുന്നു ലഭിച്ചത്. പവര്‍ പ്ലേ പോലും മുതലാക്കാന്‍ സാധിച്ചില്ല.
27 റണ്‍സ് മാത്രമാണ് ആറ് ഓവറില്‍ ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. 10 ഓവറില്‍ 58 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
11-ാം ഓവറില്‍ ആദ്യ വിക്കറ്റും പോയി. 29 പന്തില്‍ 18 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ റിഷാദ് ഹുസൈന്‍ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു.
അസ്മതുള്ള ഒമര്‍സായ് (10), ഗുല്‍ബാദിന്‍ നെയ്ബ് (4), മുഹമ്മദ് നബി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഇതിനിടെ ഗുര്‍ബാസും മടങ്ങി. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്‌സ്. റാഷിദ് ഖാന്‍ (19), കരീം ജനത് (7) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും പുറത്താവാതെ നിന്നു.
#Afghanistan #historicvictory #Bangladesh #defeated #eight #runs #semifinals #Aussies #out